തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീ പിടിച്ച് എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ പിഞ്ചു കുഞ്ഞുൾപ്പെടെ അഞ്ചുപേർ വെന്തുമരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ദളവാപുരം രാഹുൽ നിവാസിൽ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്.
പ്രതാപൻ (62), ഭാര്യ ഷേർളി (53), മകൻ അഖിൽ ( 29 ), മരുമകൾ അഭിരാമി (25), നിഖിലിന്റെയും അഭിരാമിയുടേയും എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. പ്രതാപന്റെ മൂത്ത മകൻ നിഖിലിന് ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലാണ്.
അപകട കാരണം ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ രണ്ടു മണിക്കാണ് തീപ്പിടുത്തമുണ്ടായത്. വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി വ്യാപാരിയാണ് പ്രതാപൻ. രണ്ടു നില കെട്ടിടത്തിലെ കാർ പോർച്ചിൽ തീ ആളിക്കത്തുന്നത് കണ്ട അയൽവാസിയാണ് നാട്ടുകാരെ വ്യവരം അറിയിച്ചത്. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും വീട്ടിനുള്ളിൽ തീ പടർന്നിരുന്നു. കാർപോർച്ചിലിരുന്ന നാല് ബൈക്കുകളും കത്തി നശിച്ചു.
വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സും പോലീസും എത്തി തീയണയ്ക്കുകയായിരുന്നു. തീപടരുന്നതിനിടെ നിഖിൽ വീടിന് പുറത്തുവന്നുവെന്നും എത്ര ബഹളം ഉണ്ടാക്കിയിട്ടും മറ്റാരും പുറത്തുവന്നില്ലയെന്നും വീടിന്റെ ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടിയതിനാൽ ആർക്കും വീടിനകത്തേക്ക് കയറാൻ കഴിഞ്ഞില്ലെന്നും നാട്ടുകാർ പറഞ്ഞു.
ഫയർ ഫോഴ്സും പോലീസും എത്തി വീട്ടിലുണ്ടായിരുന്നവരെ പുറത്തെടുത്തപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു. പൊള്ളലേറ്റ നിഖിലിനെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റിയിട്ടുണ്ട്. നിഖിലിൽ നിന്നും മൊഴി എടുത്താൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഒരു വ്യക്തത വരുള്ളൂവെന്ന് പോലീസ് അറിയിച്ചു.