വേനല്‍ച്ചൂടില്‍ വാടി വീഴല്ലേ! ശരീരം ‘കൂളാകാന്‍’ ഇവ കഴിച്ചുനോക്കൂ..


വേനല്‍ക്കാലമായതോടെ കേരളം ചുട്ടുപൊള്ളുകയാണ്. ചൂട് കൂടിയതോടെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ദിവസവും ശുദ്ധമായ കുടിവെള്ളം ധാരാളം കുടിക്കാനും വെള്ളത്തിന്റെ അംശമുള്ള ധാരാളം പഴവര്‍ഗങ്ങള്‍ കഴിക്കാനും ജാഗ്രതാ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. അത്തരത്തില്‍ വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തി ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്ന അഞ്ച് പഴവര്‍ഗങ്ങളെക്കുറിച്ച് വിശദമായി അറിയാം


തണ്ണിമത്തന്‍

വേനല്‍ക്കാലത്ത് മിക്കവരും കഴിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. പൊട്ടാസ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയടങ്ങിയ തണ്ണിമത്തന്‍ ശരീരത്തിന് വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ കാഴ്ച ശക്തി വര്‍ധിപ്പിക്കും. മാത്രവുമല്ല ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍ തണ്ണിമത്തന്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യും. കൂടാതെ ഹൃദയ സംബന്ധമായ രോഗങ്ങള്‍, ക്യാന്‍സര്‍, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ സാധ്യതയും തണ്ണിമത്തന്‍ പതിവായി കഴിക്കുന്നതിലൂടെ കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മള്‍ബറി

ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ പഴമാണ് മള്‍ബറി. പതിവായി ചെറിയ അളവില്‍ മള്‍ബറി പഴം കഴിക്കുന്നത് വയറിന് നല്ലതാണ്. മാത്രമല്ല മള്‍ബറിയില്‍ അടങ്ങിയിട്ടുള്ള കരോട്ടിനും സിയാക്‌സാന്തിനും കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
പ്രമേഹത്തെ നിയന്ത്രിക്കുകയും മോണരോഗങ്ങളെ തടയുകയും ചെയ്യുന്ന മള്‍ബറി പ്രതിരോധ ശേഷം വര്‍ധിപ്പിക്കാനും സഹായിക്കും.

ഞാവല്‍പ്പഴം

പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റുന്ന പോഷകഗുണങ്ങള്‍ ഏറെയുള്ള പഴമാണ് ഞാവല്‍പ്പഴം. ഞാവലില്‍ അടങ്ങിയ പൊട്ടാസ്യം സ്‌ട്രോക്ക് തടയാനും ബിപി കുറയ്ക്കാനും സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല കണ്ണുകളുടെ ആരോഗ്യത്തിനും, ചര്‍മ സംരക്ഷത്തിനും മുഖക്കുരും കുറയ്ക്കാനും ഞാവല്‍പ്പഴം നല്ലതാണ്.

മാമ്പഴം

വിറ്റാമിന്‍ എ, ഫോളേറ്റ്, വിറ്റാമിന്‍ ബി എന്നിവയടങ്ങിയ മാമ്പഴം രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു. മാത്രമല്ല മാമ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ധാരാളം നാരുകളടങ്ങിയ മാമ്പഴം കഴിക്കുന്നച് ദഹനപ്രക്രിയയ്ക്കും ഏറെ നല്ലതാണ്.

ഓറഞ്ച്

വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ മറ്റൊരു പഴവര്‍ഗമാണ് ഓറഞ്ച്. ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഓറഞ്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഓറഞ്ച് സഹായിക്കുന്നു. ആരോഗ്യസംരക്ഷത്തിന് മികച്ച ഉദാഹരമായ ഓറഞ്ച് മുഖക്കുരു കുറയ്ക്കാനും സഹായിക്കുന്നു