പെരുവട്ടൂരില്‍ പി.വി.സത്യനാഥന്‍ പ്രവര്‍ത്തനംകൊണ്ട് അടയാളപ്പെടുത്തിയ അഞ്ച് പതിറ്റാണ്ടുകള്‍; സുധാകരന്‍ മാസ്റ്റര്‍ എഴുതുന്നു
കൊയിലാണ്ടിയ്ക്ക് കരുത്തനായ ഒരു പൊതുപ്രവര്‍ത്തകനെ നഷ്ടപ്പെട്ടിട്ട് ഒരാണ്ട് തികയുകയാണ്. പെരുവട്ടൂരില്‍ സി.പി.എമ്മിനെ ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ച പി.വി.സത്യനാഥന്റെ രക്തസാക്ഷിത്വം സൃഷ്ടിച്ച വിടവ് നികത്താനാവാത്തത് തന്നെയാണ്. നീണ്ട 50 വര്‍ഷമാണ് സത്യനാഥന്‍ പാര്‍ട്ടിയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി ഏതൊരു പൊതുപ്രവര്‍ത്തകനും മാതൃക ആക്കാവുന്ന ഒന്നായിരുന്നു. എതിരാളികള്‍ പോലും ബഹുമാനത്തോടെ നോക്കിക്കണ്ടുപോകുന്ന വ്യക്തിപ്രഭാവം.
സി.പി.എമ്മിനു കൊടിവെയ്ക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലായിരുന്ന ഒരു കാലഘട്ടത്തില്‍ ആയിരുന്നു പി.വി. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കു വരുന്നത്. സി.പി.എമ്മിന് പെരുവട്ടൂരില്‍ ശക്തമായ അടിത്തറ ഉണ്ടായത് പി.വിയുടെയും സി കെ.ഗോപാലേട്ടന്‍, യു.കെ.രാഘവന്‍ മാസ്റ്റര്‍, ടി.ഗോപാലേട്ടന്‍ എന്നിവരുടെ ത്യാഗ പൂര്‍ണമായ പ്രവര്‍ത്തനത്തിലൂടെയാണ്. പ്രദേശത്തെ കയര്‍ തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരെ സി.പി.എമ്മിനു കീഴില്‍ അണിനിരത്തുകയും ചെയ്തത് പി.വിയുടെ മികച്ച സംഘടന ശേഷിയുടെ ഉദാഹരണമാണ്.
പെരുവട്ടൂരിലെ റെഡ് സ്റ്റാര്‍ കലാ സാംസ്‌കാരിക സമിതിയുടെ രൂപീകരണത്തിലും പി.വി.സത്യനാഥന്റെ കയ്യൊപ്പ് കാണാം. കലാ-സാംസ്‌ക്കാരിക മേഖലയില്‍ നിരവധി സംഭാവനകളാണ് ഈ കലാസാംസ്‌കാരിക സമിതി നല്‍കിയിട്ടുള്ളത്. പെരുവട്ടൂരിന്റെ ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന പി വി ലോക്കല്‍ കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുഴുവന്‍ സമയവും പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി മാറ്റിവെക്കുന്നതാണ് കണ്ടത്. ബാലസംഘം, കര്‍ഷക തൊഴിലാളി എന്നിവയുടെ ഏരിയ ചുമതലകാരനായി പ്രവര്‍ത്തിക്കുന്ന സമയത്താണ് സിപിഎം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയി സഖാവ് തിരഞ്ഞെടുക്കപെടുന്നത്.
കൊയിലാണ്ടി ടൗണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുമ്പോഴും പെരുവട്ടൂരിനോട് പി.വി ഒട്ടും അകലം കാണിച്ചിരുന്നില്ല. പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. കൊയിലാണ്ടി നഗരസഭ അധ്യക്ഷയായിരുന്ന എം പി ശാലിനിയുടെ വിജയത്തിനു പിന്നിലെ ചാലക ശക്തി പി.വി. ആയിരുന്നു. ആറുവയല്‍ റോഡ്, പീച്ചാരി ശ്രീധരന്‍നായര്‍ റോഡ്, കൊളപ്പള്ളി റോഡ് എന്നിവ ഇന്നത്തെ നിലയിലാക്കുന്നതില്‍ പി.വിയുടെ പങ്ക് എടുത്തു പറയേണ്ടതാണ്.
പെരുവട്ടൂരിന്റെ കാര്‍ഷിക മേഖലയില്‍ കര്‍ഷകരുടെ കൂട്ടായ്മയായ ‘പാടം’ അഗ്രികള്‍ച്ചറള്‍ സൊസൈറ്റി ഉണ്ടാക്കി കൂട്ടുകൃഷി വ്യാപിപ്പിക്കുകയും, കോവിഡ് കാലത്ത് നിരവധിയാളുകള്‍ക്കു കാര്‍ഷിക വിഭവങ്ങള്‍ എത്തിക്കുന്ന പ്രവര്‍ത്തനത്തിലുമെല്ലാം അദ്ദേഹത്തിന്റെയുള്ളിലെ സംഘാടകനെയും പ്രകൃതി സ്‌നേഹിയെയുമെല്ലാം കാണാമായിരുന്നു. ഓണം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ വിലക്കയറ്റത്തില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കാന്‍ വേണ്ടി പച്ചക്കറി ചന്തകള്‍ രൂപീകരിക്കുന്നതിലും പി.വി. മുന്‍നിരയിലുണ്ടാരുന്നു. സി.പി.എമ്മിന് ഒരൊറ്റ ബ്രാഞ്ച് കമ്മറ്റി മാത്രം ഉണ്ടായിരുന്ന പെരുവട്ടൂരില്‍ ഇന്ന് അഞ്ച് ബ്രാഞ്ചുകളുണ്ടായെങ്കില്‍ അതില്‍ തീര്‍ച്ചയായും പി.വി.സത്യനാഥനെന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ വിയര്‍പ്പ് കാണാം.
കഴിഞ്ഞ ഫെബ്രുവരിയില്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പും അദ്ദേഹം നിരാലംബനായ ഒരാളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞു ജീവിതത്തിലേക്ക് തിരിച്ചു വന്ന യുവാവിന്റെ ചികിത്സാ സഹായ കമ്മറ്റിയുടെ സെക്രട്ടറിയായിരിക്കെ ആ കമ്മിറ്റി വിജയിപ്പിക്കുന്ന പ്രവര്‍ത്തനത്തിലായിരുന്നു പി.വി. പി.വി സത്യനാഥനെന്ന പൊതുപ്രവര്‍ത്തകന്റെ ഇടപെടലുകള്‍ തൊട്ടറിഞ്ഞ പെരുവട്ടൂരുകാരുടെ മനസില്‍ അദ്ദേഹത്തിന് മരണമില്ല.