ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടുപേര്‍ക്ക് പൊള്ളലേറ്റു


കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് ലക്ഷദ്വീപ് സ്വദേശികളായ രണ്ടപേര്‍ക്ക് പൊള്ളലേറ്റു. അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി 11.45ന് ബേപ്പൂര്‍ ഹാര്‍ബറിലായിരുന്നു സംഭവം.

അഹല്‍ ഫഷറീസ് എന്ന ബോട്ടിനാണ് തീപിടിച്ചത്. മത്സ്യബന്ധനത്തിന് പുറപ്പെടാനിരിക്കെ ബോട്ടിന്റെ എഞ്ചിനില്‍ നിന്നും തീപടരുകയായിരുന്നു. ഈ സമയത്ത് ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇന്ധനം നിറച്ച ബോട്ടായതിനാല്‍ വളരെ വേഗം തീപടര്‍ന്നു. ബോട്ട് പൂര്‍ണമായി കത്തിനശിച്ചു. തൊട്ടടുത്തുണ്ടായിരുന്ന ബോട്ടുകള്‍ അപകട സാധ്യത മുന്നില്‍ക്കണ്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാല്‍ തീപടര്‍ന്നില്ല.

രണ്ടുദിവസം മുമ്പാണ് ലക്ഷദ്വീപില്‍ നിന്നും ബോട്ട് കോഴിക്കോട്ടെത്തിയത്. മീഞ്ചന്ത, ബീച്ച്, നരിക്കുനി, മുക്കം ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.

Summary: Fishing boat catches fire in Beypur; Two people suffered burns