”കോരപ്പുഴയിലെ അശാസ്ത്രീയമായ കല്ലുമ്മക്കായ വളര്‍ത്തലിനെതിരെ ഫിഷറീസ് വകുപ്പ് നടപടിയെടുക്കണം”; മത്സ്യത്തൊഴിലാളി യൂണിയന്‍ കണ്‍വന്‍ഷന്‍


Advertisement

കൊയിലാണ്ടി: കോരപ്പുഴയില്‍ ആനപ്പാറ മുതല്‍ തോരായിക്കടവ് വരെ മത്സ്യപ്രജനനം അസാധ്യമാക്കുന്ന തരത്തില്‍ അങ്ങേയറ്റം അശാസ്ത്രീയമായി കല്ലുമ്മക്കായ വളര്‍ത്തലിനെതിരെ ഫിഷറീസ് വകുപ്പിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് ചേമഞ്ചേരി- കൊളക്കാട് മത്സ്യത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കമ്മിറ്റി കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

Advertisement

അശാസ്ത്രീയമായ കല്ലുമ്മക്കായ വളര്‍ത്തലും സ്വകാര്യ മത്സ്യഫാമുകളില്‍ നിന്നും രാസലായനി അടങ്ങിയ മാലിന്യങ്ങള്‍ പുഴയിലേക്ക് നേരിട്ട് പുറന്തള്ളുന്നതും പുഴയില്‍ നാളിതുവരെ ഇല്ലാത്ത വിധം മത്സ്യ സമ്പത്ത് കുറയാന്‍ കാരണമായിട്ടുണ്ട്. മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന മത്സ്യതൊഴിലാളി കുടുംബങ്ങള്‍ നിത്യവൃത്തിക്ക് വകയില്ലാത വറുതിയിലായിരിക്കയാണ്. ജീവിത പ്രയാസത്താല്‍ മറ്റു ജോലി തേടി പോകേണ്ട അവസ്ഥയാണ്.

Advertisement

ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ക്കെതിരെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ ഏരിയാസെക്രട്ടറി സി.എം. സുനിലേശന്‍ ഉദ്ഘാടനം ചെയ്തു. കൊളക്കാട് രാജന്‍ അധ്യക്ഷത വഹിച്ചു. ഹാരിസ്.കെ.വി സ്വാഗതം പറഞ്ഞു. രവിത്ത്.കെ.കെ സംസാരിച്ചു. കോരപ്പുഴ ഡ്രഡ്ജിംഗ് ആരംഭിച്ചതിലും മത്സ്യതൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള ഇ-ഗ്രാന്റ് അനുവദിച്ചതിലും സര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു.

Advertisement