”ഇന്നും എവിടെ മെയ് ഫ്‌ളവര്‍ കാണുമ്പോഴും ഞങ്ങള്‍ അവരെ അറിയാതെ ഓര്‍ക്കും” 27 വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കി വിരമിക്കുന്ന കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ആനന്ദന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: ”തീയണയ്ക്കാന്‍ പോകുന്ന ഓരോ ഫയര്‍ഫോഴ്‌സുകാരന്റെ മനസിലും തീയായിരിക്കും” 27 വര്‍ഷക്കാലത്തെ സര്‍വ്വീസ് നല്‍കിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ കൊയിലാണ്ടി സ്‌റ്റേഷന്‍ ഓഫീസറായി വിരമിക്കുന്ന സി.പി.ആനന്ദന്‍ അദ്ദേഹത്തിന്റെ ജോലിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ഓരോ ദിവസവും അഭിമുഖീകരിക്കേണ്ടിവരുന്നത് ഓരോ തരത്തിലുള്ള അപകടങ്ങളായിരിക്കും. വിവരം കിട്ടി സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് എന്താകുമെന്നോ എങ്ങനെ നേരിടണമെന്നോ മുന്‍കൂട്ടി തീരുമാനിച്ച് തയ്യാറെടുത്ത് പോകാന്‍ സാധിക്കാത്ത തരത്തില്‍ വ്യത്യസ്തമായ അപകടങ്ങള്‍, ദുരന്തങ്ങള്‍. ഇത്തരം അപകടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ഇടയില്‍ ഒട്ടും പതറാതെ മുന്നോട്ടുപോകുകയെന്നതാണ് ഓരോ ഫര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും സര്‍വ്വീസിനിടെ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് അദ്ദേഹം പറയുന്നത്.
”സാധാരണ മനുഷ്യര്‍ക്കുളള എല്ലാ വികാരങ്ങളുമുള്ളവരാണ് ഞങ്ങളും. ചില സംഭവങ്ങള്‍ മാനസികമായി ഏറെ വേദനിപ്പിക്കാറുണ്ട്. ഉദാഹരണത്തിന് മണിയൂരില്‍ കല്ലുവെട്ടു കുഴിയിലെ വെള്ളത്തില്‍ നിന്നും കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ സഹോദരങ്ങളുടെ മക്കളായ രണ്ട് കുട്ടികളും രക്ഷിക്കാനിറങ്ങിയ ആളും വെള്ളത്തില്‍പ്പെട്ട ഒരു സംഭവമുണ്ടായിരുന്നു. ഞങ്ങളവിടെ ചെന്ന് കുട്ടികളെ രണ്ടുപേരെയും മുങ്ങിയെടുത്തു. എന്റെ മകന്റെ പ്രായത്തിലുള്ള കുട്ടികളായിരുന്നു ആ രണ്ടുപേരും. അവരെ എടുക്കുന്ന സമയത്ത് കണ്ണ് നിറഞ്ഞു. മക്കളെയാണ് മനസില്‍ ഓര്‍മ്മവന്നത്. പക്ഷേ അതൊന്നും അവിടെ പ്രകടിപ്പിക്കാനാവില്ല. അങ്ങനെ ചെയ്യുമ്പോള്‍ അത് നമ്മുടെ ജോലിയെ ബാധിക്കും. അങ്ങനെ ഒരുപാട് സംഭവങ്ങണ്ട്.” അദ്ദേഹം പറയുന്നു.
”അപകടത്തില്‍പ്പെട്ടത് ബന്ധുവാണെന്ന ചിന്തയോടെയാണ് ഓരോ ഫയര്‍ഫോഴ്‌സുകാരനും അപകട സ്ഥലത്തേക്ക് പോകുന്നത്. മറ്റൊരാള്‍ക്കും പറഞ്ഞാല്‍ മനസിലാവാത്ത ആധിയോടെയാണ് ഒരു ഫയര്‍ഫോഴ്‌സുകാരന്‍ അവര്‍ക്ക് വരുന്ന ഓരോ കോളും അറ്റന്റ് ചെയ്യുന്നത്. അവിടെ എത്തിക്കഴിഞ്ഞാല്‍ അവിടെ പതറാതെ നില്‍ക്കുകയെന്നത് ജോലിയുടെ എത്തിക്‌സിന്റെ ഭാഗമാണ്. തിരിച്ചുപോകുമ്പോള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ആ കുടുംബത്തിന്റെ വേവലാതിയെക്കുറിച്ചോ അല്ലെങ്കില്‍ ആ കുഞ്ഞിന്റെ ഭാവിയെക്കുറിച്ചോ അതില്‍പ്പെട്ടയാളുടെ പ്രയാസങ്ങളെക്കുറിച്ചോ ഒക്കെയാണ്. ” അദ്ദേഹം ഓര്‍ക്കുന്നു.
1996 നവംബര്‍ 11നാണ് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയായ ആനന്ദന്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരനായി ജോലിയില്‍ പ്രവേശിക്കുന്നത്. കണ്ണൂരിലെ മാങ്ങാട്ടുപറമ്പ് പൊലീസ് ക്യാമ്പിലായിരുന്നു പരിശീലനം. അതിനുശേഷം കോഴിക്കോട് ബീച്ച്, വടകര, പേരാമ്പ്ര, മീഞ്ചന്ത, മാനന്തവാടി, കാസര്‍ഗോഡ് ഉപ്പള എന്നിങ്ങനെ വിവിധ സ്‌റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചു. കടലുണ്ടി തീവണ്ടി ദുരന്തം, മിഠായി തെരുവിലെ തീപിടുത്തം, വടകരയില്‍ 2002 മെയ് പതിനൊന്നിനുണ്ടായ കിണര്‍ ദുരന്തം, കട്ടിപ്പാറ ദുരന്തം, 2018ലെയും 19ലെയും പ്രളയങ്ങള്‍, കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അങ്ങനെ സര്‍വ്വീസ് കാലയളവിനിടയില്‍ ചെറുതും വലുതുമായ ഒരുപാട് ദുരന്തങ്ങള്‍, അപകടങ്ങള്‍ എന്നിവയുടെയെല്ലാം ആഘാതം കുറയ്ക്കുന്നതില്‍ ആനന്ദന്റെ കൂടി പരിശ്രമമുണ്ടായിരുന്നു.
മനസില്‍ ഇന്നും വലിയ വേദനയായി അവശേഷിക്കുന്ന വടകരയിലെ കിണര്‍ ദുരന്തത്തെക്കുറിച്ച്:
”2002 മെയ് 11ന് വൈകുന്നേരം നാലുമണിയോടെയാണ് വടകര ഓര്‍ക്കാട്ടേരിക്കടുത്ത് വെള്ളികുളങ്ങരയില്‍ നിര്‍മ്മാണത്തിലിരിക്കെ കിണര്‍ ഇടിഞ്ഞ് അഞ്ചുപേര്‍ മണ്ണിനടിയില്‍പ്പെട്ടതായി വിവരം ലഭിക്കുന്നത്. അന്ന് വടകരയിലെ സ്റ്റേഷനിലായിരുന്നു ഞാന്‍. ഉടനെ ഞങ്ങള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. കിണറിനടിയില്‍പ്പെട്ട രണ്ടുപേരെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. മൂന്നാമത്തെയാളെയും പുറത്തേക്കെടുത്ത്, നാലാമത്തെയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറിലേക്ക് വീണ്ടും മണ്ണിടിയുകയും എന്റെ സഹപ്രവര്‍ത്തകരായ രാജന്‍, ജാഫര്‍, അജിത്ത് എന്നിവര്‍ മണ്ണിനടിയില്‍ കുടുങ്ങുകയും ചെയ്തു. ഇവര്‍ മൂന്നുപേരെയും നേരത്തെ മണ്ണിനടിയില്‍ കുടുങ്ങിയ കിണര്‍ നിര്‍മ്മാണ തൊഴിലാളികളായ ബാബു, പ്രകാശന്‍ എന്നിവരെയും അന്ന് നഷ്ടമായി. ഇപ്പോള്‍ കൊയിലാണ്ടി സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പ്രദീപ് എന്നയാളും മണ്ണിനടിയില്‍പ്പെട്ടിരുന്നു. മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രദീപ് മണ്ണിടിഞ്ഞത്. അദ്ദേഹത്തെ ഞങ്ങളെല്ലാവരും കൂടി ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ആ സംഭവത്തിന് സാക്ഷിയാവേണ്ടിവന്നുവെന്നത് ജീവിതത്തിലെ വലിയൊരു വേദനയാണ്. അവരുടെ ഓര്‍മ്മയ്ക്കായി വടകര സ്റ്റേഷനിലെ മെയ് ഫ്‌ളവറിന് അടുത്താണ് സ്തൂപമുണ്ടാക്കിയത്. ഇന്നും എവിടെ മെയ് ഫ്‌ളവര്‍ കാണുമ്പോഴും ഞങ്ങള്‍ അവരെ അറിയാതെ ഓര്‍ക്കും. അന്നുമുതല്‍ ഇക്കാലമത്രയും മെയ് 11 വരുമ്പോള്‍ വടകര സ്‌റ്റേഷനില്‍ എത്തിച്ചേരാന്‍ ശ്രമിക്കാറുണ്ട്.
കൊയിലാണ്ടി ഫയര്‍സ്റ്റേഷനിലെ അഞ്ചരവര്‍ഷക്കാലം:
കൊയിലാണ്ടിയില്‍ ഒരു ഫയര്‍ സ്റ്റേഷന്‍ എന്ന ആവശ്യം ഉയര്‍ന്ന ആദ്യ ഘട്ടം മുതല്‍ ആ ആവശ്യത്തിനൊപ്പം നിലകൊണ്ടയാളാണ് സി.പി.ആനന്ദന്‍. 2005ല്‍ മുന്‍ എം.എല്‍.എ കെ.ദാസന്‍ നഗരസഭ ചെയര്‍മാനായിരിക്കുന്ന സമയത്താണ് ഫയര്‍ സ്റ്റേഷനുവേണ്ടിയുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചത്. കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും ഫയര്‍ഫോഴ്‌സ് ജീവനക്കാരും, വ്യാപാരി വ്യവസായികളും സന്നദ്ധ സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ചേര്‍ന്ന ഒരു ടീം തന്നെയാണ് കൊയിലാണ്ടിയില്‍ ഫയര്‍ സ്റ്റേഷന്‍ വേണം എന്ന ആവശ്യം ശക്തമായി ഉയര്‍ത്തിയത്. മാറിവരുന്ന ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരാനും ഇതിനുവേണ്ടിയുള്ള ഓരോ ശ്രമങ്ങള്‍ക്കും കൂട്ടായി ഈ ടീമുണ്ടായിരുന്നു. സ്വന്തമായിട്ട് ബില്‍ഡിങ് ഇല്ലാത്തതിനാല്‍ ജനകീയമായ രീതിയില്‍ ഇവിടെ അടിസ്ഥാന സൗകര്യമൊരുക്കാന്‍ അന്നത്തെ നഗരസഭ ചെയര്‍മാനായിരുന്ന അഡ്വ. കെ.സത്യന്‍, കെ.ദാസന്‍, എന്നിവരുടെയും ജനങ്ങളുടെയും ഒത്തൊരുമിച്ച ശ്രമമുണ്ടായിരുന്നു.
കൊയിലാണ്ടി ഫയര്‍സ്റ്റേഷന്‍ ആരംഭിച്ചത് മുതല്‍ ഇവിടെ സ്റ്റേഷന്‍ ഓഫീസറായി ജോലിയിലുണ്ട്. വിരമിക്കുമ്പോള്‍ കൊയിലാണ്ടി സ്‌റ്റേഷനെ ഏറെ ജനകീയമാക്കുന്നതിലും ജനങ്ങളെ കൂടി പങ്കാളികളായി ഒട്ടേറെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് വിജയിപ്പിക്കാനായതിന്റെയും സന്തോഷത്തിലും സംതൃപ്തിയുമുണ്ട്. ജനങ്ങളുടെ വലിയ തോതിലുള്ള പിന്തുണയും പങ്കാളിത്തവും ഉറപ്പാക്കാന്‍ ബോധവത്കരണ ക്ലാസുകളും പരിശീലവും സംഘടിപ്പിച്ചിട്ടുണ്ട്. അപകടമുണ്ടായിട്ട് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനേക്കാള്‍ നല്ലത് ആദ്യം തന്നെ അതിനെ അഭിമുഖീകരിക്കാന്‍ ജനങ്ങളെക്കൂടി പ്രാപ്തരാക്കലാണ്. ഈ ലക്ഷ്യത്തിനായി കൊയിലാണ്ടി നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലും വരുന്ന 21000ത്തോളം ആളുകള്‍ക്ക് സേന പരിശീലനം കൊടുത്തിട്ടുണ്ട്. 650 ഓളം വരുന്ന കമ്മ്യൂണിറ്റി റസ്‌ക്യൂ വളണ്ടിയര്‍ ടീമിനെ സജ്ജരാക്കിയിട്ടുണ്ട്. അന്‍പത് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും സ്റ്റേഷന്റെ പരിധിയിലുണ്ട്. എല്ലാ പഞ്ചായത്തുകൡും മുനിസിപ്പിലാറ്റിയിലും ദുരന്തനിവാരണ സേനകള്‍ക്ക് പരിശീലനം കൊടുത്തിട്ടുണ്ട്.
ഈ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പിന്നില്‍ കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ ഓരോ ജീവനക്കാരുടെയും ശക്തമായ പിന്തുണയുണ്ട്. ഇവിടെ നിന്നും മടങ്ങുമ്പോള്‍ മനസിലുള്ള ഏക പ്രയാസം സ്റ്റേഷന് സ്വന്തമായി ബില്‍ഡിങ് ആയില്ല എന്നതാണ്. എന്നാല്‍ അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നത് പ്രതീക്ഷയാണ്. നഗരസഭയും എം.എല്‍.എയും വളരെ ഊര്‍ജ്ജസ്വലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. നഗരസഭ മണമലില്‍ 25 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. ഉടന്‍ തന്നെ അത് കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. അത് കഴിഞ്ഞാല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറുകയും അവിടെ ബില്‍ഡിങ് ഉണ്ടാക്കുകയും ചെയ്യും. നഗരസഭയ്ക്ക് പുറമേ നിലവിലെ എം.എല്‍.എയുടെ ഭാഗത്തുനിന്നും സ്റ്റേഷന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. വാഹനങ്ങളും ഉപകരണങ്ങളും കൂടുതല്‍ ലഭ്യമാക്കി സ്റ്റേഷന്‍ പ്രവര്‍ത്തനം സുഗമമാക്കാന്‍ എം.എല്‍.എ ഒപ്പം നിന്നിട്ടുണ്ട്.
ജീവിതത്തിലെ എല്ലാ നേട്ടങ്ങളുടെയും പിറകില്‍ അമ്മ മാധവിയമ്മയുടെ ശക്തിയാണെന്നാണ് ആനന്ദന്‍ പറയുന്നത്. ”രണ്ടര വയസുള്ള സമയത്ത് അച്ഛന്‍ മരിച്ചതാണ്. പിന്നീട് എനിക്കും സഹോദരനുമെല്ലാം അമ്മയായിരുന്നു എല്ലാം. ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ പഠിപ്പിക്കുകയും വളര്‍ത്തുകയുമെല്ലാം ചെയ്തത്.” കുറുവങ്ങാട് അണേലക്കടവിലാണ് ആനന്ദന്റെ വീട്. ഭാര്യ സിന്ധു എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുകയാണ്. മകള്‍ ആര്യനന്ദ വിവാഹിതയാണ്. മകന്‍ അഭിനന്ദ് വിദ്യാര്‍ഥിയാണ്.