കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ബോധമില്ലായിരുന്നു, മൂന്നാമന്‍ കാര്യങ്ങള്‍ വിശദീകരിച്ചു; അപകടം നടന്ന സ്ഥലത്ത് റോഡില്‍ കല്ലുകള്‍ ചിതറിക്കിടക്കുകയായിരുന്നു- പൊയില്‍ക്കാവിലെ അപകടത്തെക്കുറിച്ച് അഗ്നിരക്ഷാ സേന



കൊയിലാണ്ടി: ദേശീയപാതയില്‍ പൊയില്‍ക്കാവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം നടന്ന സ്ഥലത്ത് ഫയര്‍ ഫോഴ്‌സ് എത്തുമ്പോള്‍ കാറിലുണ്ടായിരുന്ന മൂന്നുപേരെയും നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്തിരുന്നു. ഒരാളെ അവിടെയുണ്ടായിരുന്ന ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നോക്കുകയായിരുന്നെന്നാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായ കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേന ജീവനക്കാരന്‍ പറഞ്ഞത്.

രണ്ടുപേരെ സേനയുടെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. കാറിന്റെ ഡ്രൈവര്‍ക്കും കൂടെയുണ്ടായിരുന്ന ഒരു യാത്രക്കാരനും ബോധമുണ്ടായിരുന്നില്ല. മൂന്നാമത്തെയാളുടെ പരിക്ക് അത്ര ഗുരുതരമല്ലായിരുന്നു. ഇദ്ദേഹമാണ് കണ്ണൂര്‍ സ്വദേശികളാണെന്നും എറണാകുളത്തുനിന്നും വരികയാണെന്നും അറിയിച്ചതെന്നും അഗ്നിരക്ഷാ സേന ജീവനക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.


പുലര്‍ച്ചെ 12.30 ഓടെയാണ് അപകടം സംബന്ധിച്ച് കൊയിലാണ്ടി ഫയര്‍ഫോഴ്‌സിന് വിവരം ലഭിക്കുന്നത്. പതിനഞ്ച് മിനിറ്റിനുള്ളില്‍ തന്നെ സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മറ്റു കാര്യങ്ങള്‍ നോക്കിയത്. അപകടത്തില്‍പ്പെട്ട മിനി ലോറി മറിഞ്ഞ നിലയിലായിരുന്നു. ക്രയിന്‍ എത്തിച്ച് ലോറി റോഡില്‍ നിന്നും മാറ്റി. ലോറിയിലുണ്ടായിരുന്ന കല്ലുകള്‍ ദേശീയപാതയില്‍ ചിതറിക്കിടക്കുകയായിരുന്നു. ടാങ്ക് പൊട്ടി ഡീസല്‍ റോഡില്‍ പരന്നിരുന്നു. റോഡിലെ കല്ലുകളെല്ലാം തങ്ങള്‍ നീക്കിയശേഷം വെള്ളം അടിച്ച് ഡീസല്‍ കഴുകി കളഞ്ഞശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

പുലര്‍ച്ചെ മൂന്നുമണിവരെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. കൊയിലാണ്ടിവരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

ലോറി ഡ്രൈവര്‍ക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും നിസാര പരിക്കുകള്‍ മാത്രമേയുള്ളൂ. കാറ് തെറ്റായ ദിശയിലാണ് വന്നതെന്നാണ് ലോറി ഡ്രൈവര്‍ പറഞ്ഞത്. എറണാകുളത്തുനിന്നും സെക്കന്റ് ഹാന്‍ഡ് കാറ് സ്വന്തമാക്കി കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് കാറിലുണ്ടായിരുന്ന യുവാവ് പറഞ്ഞതെന്നും അഗ്നിരക്ഷാ സേനാ ജീവനക്കാര്‍ പറയുന്നു.