ഫയര്‍ സ്റ്റേഷന്‍, കൊല്ലം ചിറ രണ്ടാംഘട്ട നവീകരണം, താലൂക്ക് ആശുപത്രി വികസനം; സംസ്ഥാന ബജറ്റ് പ്രഖ്യാപിക്കാനിരിക്കെ പ്രതീക്ഷയോടെ കൊയിലാണ്ടി
കൊയിലാണ്ടി: ഫയര്‍സ്റ്റേഷന്‍, കൊല്ലം ചിറ രണ്ടാം ഘട്ട നവീകരണം, അകലാപ്പുഴ ടൂറിസം നാളെ സംസ്ഥാന ബജറ്റ് പ്രഖ്യാപിക്കാനിരിക്കെ കൊയിലാണ്ടി മണ്ഡലത്തിന് പ്രതീക്ഷകളേറെയാണ്.
കൊയിലാണ്ടിയ്ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഫയര്‍ സ്റ്റേഷന്‍ എന്നത് ഏറെനാളത്തെ ആവശ്യമാണ്. സ്റ്റേഡിയത്തിന് പിന്നാമ്പുറത്ത് അസൗകര്യങ്ങളുടെ നടുവിലാണ് ഫയര്‍സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.
താലൂക്ക് ആശുപത്രിയുടെ വികസനമാണ് കൊയിലാണ്ടിയ്ക്ക് മുന്നിലുള്ള മറ്റൊരു പ്രതീക്ഷ. പഴയ കെട്ടിടം പൊളിച്ചയിടത്ത് പുതിയ കെട്ടിടം പണിയുമെന്ന് തീരുമാനമായതല്ലാതെ അതിനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല. നേരത്തെ 22 കോടിയുടെ രൂപയുടെ പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അത് പര്യാപ്തമല്ലെന്ന ആശുപത്രി അധികൃതരടക്കം ചൂണ്ടിക്കാട്ടിയതോടെ ഡി.പി.ആര്‍ വീണ്ടും തയ്യാറാക്കുകയും 44 കോടിയുടെ പദ്ധതി രൂപകല്‍പ്പന ചെയ്യുകയും ചെയ്തിരുന്നു. ആദ്യ ഡി.പി.ആറിന് കിഫ്ബി അംഗീകാരം കിട്ടിയതായിരുന്നു. എന്നാല്‍ പുതിയ ഡിസൈനിന് ഇതുവരെ കിഫ്ബിയുടെ അനുമതി കിട്ടിയിട്ടില്ല. ഇതാണ് പ്രവൃത്തി വൈകുന്നത്.
പന്തലായനി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി ബ്ലോക്ക് നിര്‍മാണത്തിന് കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയിരുന്നു. എന്നാല്‍ ഇതിനായി പി.ഡബ്ല്യു.ഡി തയ്യാറാക്കിയ ഡിസൈനില്‍ സ്‌കൂള്‍ അധികൃതര്‍ തിരുത്ത് പറഞ്ഞിരുന്നു. അതുപ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തി പുതിയ ഡിസൈന്‍ സമര്‍പ്പിച്ചിട്ടേയുള്ളൂ. ഇതിനും അംഗീകാരമായിട്ടില്ല.
കൊല്ലം ചിറ ആദ്യഘട്ട നവീകരണം ധ്രുതഗതിയില്‍ നടപ്പിലായെങ്കിലും രണ്ടാം ഘട്ട നവീകരണത്തിനുവേണ്ടിയുള്ള നടപടികള്‍ ഒച്ചിഴയും വേഗത്തിലാണ്. അകലാപ്പുഴ- നെല്ല്യാണി പുഴയോര ടൂറിസം പദ്ധതി കഴിഞ്ഞ ബജറ്റില്‍ ടോക്കണ്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിനും തുകയൊന്നും അനുവദിച്ചിരുന്നില്ല. ടൂറിസം പദ്ധതി നിലവില്‍ വന്നാല്‍ മൂടാടി പഞ്ചായത്തിലെയും കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലേയും ടൂറിസം വികസനത്തില്‍ ഇത് വലിയ സ്വാധീനം ചെലുത്തുമായിരുന്നു. ഈ ബജറ്റിലെങ്കിലും പദ്ധതിയ്ക്കായി തുക വകയിരുത്തുമെന്ന പ്രതീക്ഷയിലാണ് കൊയിലാണ്ടിക്കാര്‍.
കൂടാതെ കാപ്പാട് മുതല്‍ വടകര സാന്റ്ബാങ്ക്‌സ് വരെ കോര്‍ത്തിണക്കി ടൂറിസം സര്‍ക്യൂട്ട് പദ്ധതി കഴിഞ്ഞദിവസം മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. സാന്റ്ബാങ്ക്സ്, കുഞ്ഞാലിമരക്കാര്‍ മ്യൂസിയം, മിനി ഗോവ, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, ബോട്ട്ജെട്ടി, വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍, ടെന്റുകള്‍, നടപ്പാത ഉള്‍പ്പടെ അടങ്ങിയതാണ് കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍. യു.എല്‍.സി.സി.എസാണ് കരട് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്. പദ്ധതിക്കായി ബജറ്റില്‍ തുക അനുവദിക്കുകയാണെങ്കില്‍ ടൂറിസം രംഗത്തെ വലിയൊരു കുതിപ്പിന് സഹായകരമാകും അത്.