എലത്തൂര്‍, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇന്ധന സംഭരണശാലകള്‍ക്ക് സമീപം ഒരേദിവസം ഒരേസമയം തീപിടിത്തം, രണ്ട് കേസിലും ആരെയും പിടികൂടാനായില്ല; ദുരൂഹത ഒഴിയുന്നില്ല


എലത്തൂര്‍: എലത്തൂര്‍, കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒരേദിവസം ഒരേസമയം തീപിടിത്തമുണ്ടായ സംഭവത്തില്‍ ദുരൂഹത. ഫെബ്രുവരി പതിമൂന്നിന് വൈകുന്നേരം ആറരയ്ക്കും ഏഴിനും ഇടയിലാണ് രണ്ട് സ്റ്റേഷനുകളിലും തീപിടിത്തമുണ്ടായത്. രണ്ട് കേസിലും ആരെയും പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

രണ്ടിടത്തും ഇന്ധന സംഭരണശാലകള്‍ക്ക് സമീപത്തായിരുന്നു തീപിടിത്തം. എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധന സംഭരണശാലയുടെ മതില്‍ക്കെട്ടിോട് ചേര്‍ന്നായിരുന്നു അഗ്നിബാധ. രണ്ട് കാറുകളും ഒരു സ്‌കൂട്ടറുമാണ് അന്ന് കത്തിനശിച്ചത്. സംഭവത്തില്‍ കേസെടുത്ത് എലത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മൂന്നിടത്താണ് തീയിട്ടത്. ഭാരത് പെട്രോളിയത്തിന്റെ ഇന്ധന സംഭരണശാലയുടെ മതിലിനോട് ചേര്‍ന്നാണ് തീ ആളിപ്പടര്‍ന്നത്. ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. സംഭരണശാലയിലേക്കുള്ള ഇന്ധന പൈപ്പിനു മുകളില്‍ ഉടുമുണ്ട് അഴിച്ച് ഇയാള്‍ തീയിട്ടതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ സംഭവത്തിലും ആരും പിടിയിലായിട്ടില്ല.

ഏപ്രില്‍ രണ്ടിന് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഷാരൂഖ് സെയ്ഫി തീയിട്ട് മൂന്നു പേര്‍ മരിച്ച സംഭവമുണ്ടായതും എലത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഇന്ധന സംഭരണശാലയ്ക്ക് സമീപത്തായിരുന്നു. ഏറ്റവുമൊടുവില്‍ ജൂണ്‍ ഒന്നിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തീയിട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് നിര്‍ത്തിയിരുന്നതും ബി.പി.സി.എല്ലിലേക്കുള്ള ഇന്ധന പൈപ്പ് ലൈനിന് അരികിലായിരുന്നു. ട്രെയിന്‍ നിര്‍ത്തിയിട്ട എട്ടാമത്തെ ട്രാക്കില്‍ നിന്ന് ഒരു ട്രാക്ക് അകലെയാണ് ബിപിസിഎലിലേക്കുള്ള ഇന്ധന പൈപ്പ് ലൈന്‍. ഈ ട്രാക്കിലേക്ക് 25 ഡീസല്‍ വാഗണുകളുമായി ട്രെയിന്‍ എത്തുന്നതിനു തൊട്ടുമുന്‍പായിരുന്നു തീയിട്ടത്.