നാദാപുരം റോഡിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തീയും പുകയും; പരിഭ്രാന്തരായി യാത്രക്കാർ


നാദാപുരംറോഡ്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തീയും പുകയും ഉയർന്നു. കോഴിക്കോട് കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന KL 58 S 2900 നമ്പർ റോളൻഡ് ബസിന്റെ എഞ്ചിനിൽ നിന്നാണ് തീ ഉയർന്നത്.

നാദാപുരം റോഡിൽ രാവിലെ 9.50 ഓടെയാണ് സംഭവം. കണ്ണൂരേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസ് നാദാപുരം റോഡിലെത്തിയപ്പോഴാണ് എഞ്ചിനുള്ളിൽ നിന്ന് തീയും പുകയും വരുന്നത് ഡ്രൈവറുടെ ശ്രദ്ദയിൽപ്പെട്ടത്. ഉടൻ ബസ് റോഡിന് വശത്തേക്ക് നിർത്തി. യാത്രക്കാരെ മുഴുവൻ ഇറക്കി. തുടർന്ന് സമീപത്തെ ചായക്കടയിൽ നിന്ന് വെള്ളമെടുത്ത് എഞ്ചിനിൽ ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടകരയിൽ നിന്നും ഫയർ യൂണിറ്റും സ്ഥലത്തെത്തി. ബസിനുള്ളിലേക്ക് മുഴുവനായി വ്യാപിക്കുന്നതിന് മുൻപ് തന്നെ തീ അണച്ചു. ഷോട്ട് സർക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്ന് ഫയർ ആന്റ് റെസ്ക്യു ഓഫീസർ പറഞ്ഞു.

സിനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ലിജു, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ്, റാഷിദ്, സാരം​ഗ്, ജിതിൻ, സുബൈർ, സന്തോഷ് ഗാർഡുമാരായ രതീഷ്, സുരേഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.