വേഷപകർച്ചകൊണ്ട് കാണികളെ വിസ്മയിപ്പിച്ച കലാകാരൻ, വിടവാങ്ങിയപ്പോൾ ബാക്കിയായത് ബാങ്കിലെ കടങ്ങൾ; മുരളീധരൻ ചേമഞ്ചേരിയുടെ കുടുംബത്തിനായി കെെകോർത്ത് നാട്
കൊയിലാണ്ടി: അന്തരിച്ച കലാകാരൻ മുരളീധരൻ ചേമഞ്ചേരിയുടെ കുടുംബത്തെ സഹായിക്കാൻ കെെകോർത്ത് നാട്. ചികിത്സയ്ക്കായും വീട് പണിക്കായും ബാങ്കിൽ നിന്നെടുത്ത വായ്പ അവധിബാക്കിയായി നിയമ നടപടി നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് സുമനസുകൾ കുടുംബത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത്.
പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള യാത്രക്കിടയിൽ ഹൃദയാഘാതം വന്നാണ് മുരളീധരൻ അന്തരിച്ചത്. ഭാര്യയും രണ്ട് പെൺകുട്ടികളുെയും തനിച്ചാക്കിയാണ് അതുല്യപ്രതിഭ വിടവാങ്ങിയത്. കഴിഞ്ഞ 37 വര്‍ഷമായി കലാരംഗത്ത് സജീവ സാന്നിധ്യമാണ് മുരളീധരൻ. സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിനായും ഹൃദയ സംബന്ധമായ ചികിത്സയ്ക്കും രണ്ട് ബാങ്കുകളിൽ നിന്നായി പത്ത് ലക്ഷം രൂപ അദ്ദേഹം വായ്പയെടുത്തിരുന്നു. എന്നാൽ മുരളീധരന്റെ അപ്രതീക്ഷിത വിയോഗത്തോടെ എല്ലാം തകിടം മറിഞ്ഞു. വായ്പ അവധിയായതോടെ ബാങ്ക് നിയമ നടപടികളിലേക്ക് നീങ്ങി.
മകള്‍ വേദ ലക്ഷ്മിയെയും നാല് മാസം പ്രായമായ പിഞ്ചു കുഞ്ഞിനെയും കൊണ്ട് എവിടേക്ക് പോകണമെന്നറിയാതെ നിൽക്കുകയാണ് മുരളീധരന്റെ ഭാര്യ വിജിത. വേഷപകർച്ചയുടെ ഉടയാടകൾ അണിഞ്ഞ് കാണികളെ ത്രസിപ്പിച്ച അതുല്യ പ്രതിഭയുടെ കുടുംബത്തെ ചേർത്തു പിടിക്കുകയെന്ന മഹാദൗത്യത്തിനാണ് നാട് കെെകോർക്കുന്നത്.
മുരളിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള കടമ ചേമഞ്ചേരിയിലെ സാമുഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിലെ വ്യക്തികൾ ഏറ്റെടുത്തിരിക്കുകയാണ്. മുരളി കുടുംബ സഹായ സമിതി എന്ന പേരിൽ ചേമഞ്ചേരിയിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സഹായ കമ്മിറ്റി ചെയർമാൻ അബ്ദുൾ ഹാരിസിന്റെയും ട്രഷറർ അശോകൻ കോട്ടിന്റെയും പേരിൽ ചേമഞ്ചേരി സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ടും ആരംഭിച്ചു. നമുക്കും അണിചേരാം മുരളീധരൻ ചേമഞ്ചേരിയുടെ കുടുംബത്തിനായി.
അക്കൗണ്ട് നമ്പർ: 01600 5300 0016285
ഐ.എഫ്.എസ്.സി: SIBL0000160
ഗൂഗിളിൽ പേ: 88 91 75 81 29
വേഷപകർച്ചയുടെ ഉടയാടകൾ അണിയാൻ ഇനി മുരളീധരന്‍ ചേമഞ്ചേരിയില്ല; നാടിന് നഷ്ടമായത് അതുല്യപ്രതിഭയെ