സിനിമാ, സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു
പാലക്കാട്: പ്രശസ്ത സിനിമ, നാടക, സീരിയല്‍ നടി മീന ഗണേശ് (81) അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടക്കും. പ്രശസ്ത നാടക, സിനിമാ നടന്‍ അന്തരിച്ച എ.എന്‍.ഗണേശിന്റെ ഭാര്യയാണ്.
സ്കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ് നാടകരംഗത്തെത്തുന്നത്. തുടർന്ന് നാടകത്തിൽ സജീവമാവുകയും കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു. കെപിഎസി, എസ്എൽപുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണൽ തീയേറ്റേഴ്‌സ്, അങ്കമാലി പൗർണമി, തൃശൂർ ഹിറ്റ്‌സ് ഇന്‍റര്‍നാഷണൽ, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂർ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളുടെ നാടകങ്ങളിൽ മീന അഭിനയിച്ചിട്ടുണ്ട്.
1991ലെ മുഖചിത്രം എന്ന ചിത്രത്തിൽ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സിനിമയിൽ സജീവമായത്.വളയം, നഖക്ഷതങ്ങള്‍, തലയണമന്ത്രം, വെങ്കലം, ഈ പുഴയും കടന്ന്, നന്ദനം തുടങ്ങി 200ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയൽ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ.