മൂല്യനിര്‍ണയത്തിലെ അപാകത എ പ്ലസ് നഷ്ടപ്പെടുത്തി; ഒടുവില്‍ പുനര്‍ മൂല്യനിര്‍ണയത്തിലൂടെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി മേപ്പയ്യൂരിലെ ഫാത്വിമ നാജിയ


മേപ്പയ്യൂര്‍: പുനര്‍മൂല്യനിര്‍ണയത്തിലൂടെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ ഫാത്വിമ നാജിയ വി.പി. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഉറപ്പിച്ച് പരീക്ഷക്കിരുന്ന ഇരിങ്ങത്ത് കുലുപ്പ സ്വദേശിനി ഫാത്വിമ നാജിയയ്ക്ക് റിസള്‍ട്ട് വന്നപ്പോള്‍ ഒന്‍പത് എ പ്ലസും ഒരു എയുമാണ് ലഭിച്ചത്.

ഇഷ്ട വിഷയമായ മാതൃഭാഷയില്‍ എ പ്ലസ് നഷ്ടപ്പെട്ടതില്‍ സങ്കടപ്പെട്ടിരിക്കുമ്പോഴാണ് അവളുടെ അധ്യാപകര്‍ നിര്‍ബന്ധമായും റീവാലുവേഷന് കൊടുക്കണമെന്ന് പറയുന്നത്. അങ്ങിനെ റീവാലുവേഷന് കൊടുത്ത് കഴിഞ്ഞദിവസം റിസള്‍ട്ട് വന്നപ്പോള്‍ മലയാളം വിഷയത്തിലും എ പ്ലസ് നേടി മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് എന്ന സ്വപ്നം സാക്ഷാത്കരിച്ചു.മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസ് ലെ 10 ബി വിദ്യാര്‍ഥിനിയായ ഈ മിടുക്കി മലപ്പുറം മഅ്ദിനില്‍ ഹിയ അക്കാദമിയില്‍ ചേര്‍ന്ന് മെഡിക്കല്‍ എന്‍ട്രന്‍സോടുകൂടി പ്ലസ് വണ്‍ സയന്‍സിന് പഠിക്കാനാണ് ആഗ്രഹിക്കുന്നത്.

200 രൂപ ഫീസ് കൊടുത്ത് ആന്‍സര്‍ ഷീറ്റ് വാങ്ങിയപ്പോഴാണ് ചോദ്യം നമ്പര്‍ ഏഴിന് മാര്‍ക്കിടാത്തതാണ് എ പ്ലസ് നഷ്ടപ്പെടാന്‍ കാരണമെന്ന് മനസ്സിലായത്. ഇങ്ങനെ സ്‌കൂളിലെ പല കുട്ടികളും റീവാലുവേഷന് കൊടുത്തപ്പോള്‍ മാര്‍ക്ക് വര്‍ധിക്കുകയും സ്‌കൂളിന് നേരത്തെ 188 ഫുള്‍ എ പ്ലസ് ലഭിച്ചതില്‍ നിന്നും 203 ആയി ഉയരുകയും ചെയ്തു. അധ്യാപകര്‍ പേപ്പര്‍ മൂല്യനിര്‍ണയം നടത്തുമ്പോഴുള്ള ശ്രദ്ധ കുറവാണ് ഇത്തരത്തിലുള്ള മാര്‍ക്ക് പിഴവിന് കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴില്‍ ചെയ്യുന്ന കുലുപ്പ വി.പി.ശരീഫ് സീനത്ത് ദമ്പതികളുടെ ഏക മകളാണ് നാജിയ. ഏക സഹോദരന്‍ മുഹമ്മദ് ഹാഷിര്‍ ഇതേ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു.