വാക്ക് പാഴ്വാക്കായി, വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി കൃഷി നിലങ്ങൾ; ഇരിങ്ങൽ ബ്രാഞ്ച് മെയിൻ കനാൽ തുറക്കാത്തതോടെ ദുരിതത്തിലായി കൊയിലാണ്ടി മേഖലയിലെ കർഷകർ


കൊയിലാണ്ടി: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാൽ ക്രോസിംങ് അണ്ടർ പാസ് നിർമാണം പൂർത്തിയാകാത്തതോടെ ദുരിതത്തിലായി കൊയിലാണ്ടി മേഖലയിലെ കർഷകർ. നന്തി ചെങ്ങോട്ടുകാവ് ബൈപാസ് കടന്നുപോകുന്ന ഭാഗത്തെ കനാൽ നിർമ്മാണമാണ് ഉറപ്പ് നൽകിയ സമയം കഴിഞ്ഞിട്ടും പൂർത്തിയാവാതെ അനിശ്ചിതത്വിൽ തുടരുന്നത്. വെള്ളം ലഭിക്കാതായതോടെ വിളകളും ഉണങ്ങി തുടങ്ങി. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കർഷകർ.

ഫെബ്രുവരി 22 -നാണ് കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള ഇടതുകര കനാൽ തുറക്കുന്നത്. കൊയിലാണ്ടി, ചെങ്ങോട്ട്കാവ്, കാപ്പാട് ഭാ​ഗങ്ങളിലേക്ക് ഇതിൽ നിന്നാണ് വെള്ളം ലഭിക്കുക. എന്നാൽ ദേശീയപാത വികസനത്തിന്റെയും ബെെപ്പാസ് നിർമ്മാണത്തിന്റെയും ഭാ​ഗമായി പല സ്ഥലങ്ങളിലും കനാൽ നവീകരണം ആവശ്യമായി വന്നിരുന്നു. കനാൽ തുറക്കുമ്പോഴേക്ക് നവീകരണം പൂർത്തിയാക്കുമെന്നാണ് ബന്ധപ്പെട്ട അധികാരികൾ ആദ്യം ഉറപ്പുനൽകിയിരുന്നത്. എന്നാൽ കനാൽ ക്രോസിംങ് അണ്ടർ പാസ് നിർമാണം ഇതുവരെ പൂർത്തിയില്ല. എന്നാൽ ഈ ഉറപ്പ് പാലിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല പണി എപ്പോൾ പൂർത്തിയാകും എന്നു പറയാൻ വരെ അധിതൃതർക്ക് കഴിയുന്നില്ല.

ഇതു കാരണം ഇരിങ്ങൽ ബ്രാഞ്ച് മെയിൻ കനാൽ തുറക്കാൻ കഴിഞ്ഞിട്ടില്ല. കൊല്ലം, മുചുകുന്ന്,പുറക്കാട് പ്രദേശങ്ങളിലെ കർഷകർ കൃഷി ആവശ്യത്തിനായി ആശ്രയിച്ചിരുന്നത് ഈ കനാൽ ജലത്തെയാണ്. ഇതേ തുടർന്ന് കൊയിലാണ്ടി നഗരസഭയിലെ വിയ്യൂർ കക്കുളം പാടശേഖരം, മുചുകുന്ന് കോട്ടകം പാടശേഖരം, നടക്കൽ പാടശേഖരം എന്നിവടങ്ങളിലെ കർഷകർ കനാൽ ജലത്തെ ആശ്രയിച്ച് നടത്തുന്ന കൃഷി നശിച്ചു കൊണ്ടിരിക്കുന്നു.

യഥാസമയം വെള്ളം കിട്ടാത്തതിനെ തുടർന്ന് വിയൂർ കക്കളം പാടശേഖരത്തിൽ മാത്രം ഇരുനൂറോളം വാഴ കൃഷി ഉണങ്ങി തുടങ്ങി. ഇതു കൂടാതെ ഈ മേഖലയിലെ പറമ്പുകളിൽ പച്ചക്കറി കൃഷി നടത്തിയിരുന്ന നൂറു കണക്കിന് കർഷകരുടെ സ്ഥിതിയും പരിതാപകരമാണ്. കനാലിൽ വെള്ളമില്ലാത്തത് കാരണം മിക്കവീടുകളിലേയും കിണറുകളും വറ്റി തുടങ്ങി. പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമവും രൂക്ഷാണ്.

കൊല്ലം കുന്യോറ മലക്ക് സമീപം കനാൽ അണ്ടർ പാസ് നിർമാണം പാതിവഴിയിലാണ്. പന്തലായനി ഗവ. എച്ച്എസ്എസിനു സമീപത്തുള്ള കനാൽ ക്രോസിംങ്ങ് അണ്ടർ പാസും പൂർത്തിയായിട്ടില്ല. ബൈപാസ് നിർമാണം തുട ങ്ങിയപ്പോൾ കനാൽ മുറിഞ്ഞു പോയതായിരുന്നു. ഇത് യുദ്ധകാല അടിസ്ഥാനത്തിൽ പുനർനിർമിക്കേണ്ടതായിരുന്നു.

മാർച്ച് മാസം തുടങ്ങിയപ്പോൾ തന്നെ മുൻപ് എങ്ങുമില്ലാത്ത വിധം രൂക്ഷമായ വരൾച്ചയാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ അടിയന്തരമായി ദേശീയപാത ബൈപ്പാസിലെ കനാൽ അണ്ടർ പ്പാസ് നിർമാണം പൂർത്തീകരിക്കണമെന്നതാണ് കർഷകരുടെ ആവശ്യം.

Summary: Farmers of Koyilandy were in distress after the Iringal branch main canal was not opened