നീണ്ട 27വര്‍ഷത്തെ സേവനത്തിനുശേഷം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസറായി വിരമിക്കുന്ന സുരേഷ് കുമാര്‍ ടി.എമ്മിന് യാത്രയയപ്പ് നല്‍കി കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍


കൊയിലാണ്ടി: ഫയര്‍ സര്‍വീസില്‍ നിന്നും നീണ്ട 27 വര്‍ഷത്തെ സേവനത്തിനുശേഷം നാളെ വിരമിക്കുന്ന ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാര്‍ ടി.എമ്മിന് കൊയിലാണ്ടി ഫയര്‍‌സ്റ്റേഷനില്‍ യാത്രയയപ്പ് നല്‍കി. ഫസ്റ്റ് പി.എസ്.സി ബാച്ച് ഫയര്‍മാന്‍ കം ഡ്രൈവര്‍ പോസ്റ്റില്‍ സര്‍വീസില്‍ പ്രവേശിച്ചതാണ് സുരേഷ് കുമാര്‍.

കൊയിലാണ്ടി കന്നൂര് സ്വദേശിയാണ്. സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ മൂസ്സ വടക്കേതില്‍ വിശിഷ്ടാതിഥിയായി. സ്റ്റേഷന്‍ ഓഫീസര്‍ ആനന്ദന്‍ പി.കെ. അധ്യക്ഷത വഹിച്ചു. സുരേഷ് കുമാര്‍ സര്‍വീസില്‍ ഉടനീളം പ്രവര്‍ത്തന മേഖലയില്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ് എന്ന് ജില്ലാ ഓഫീസര്‍ പരാമര്‍ശിച്ചു.

ഔദ്യോഗിക ജീവിതത്തിന് പുറമേ സമൂഹത്തിന്റെ പല മേഖലകളിലും ഇടപെടുകയും വ്യക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കി നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്ത സഹപ്രവര്‍ത്തകനാണ് സുരേഷ് കുമാര്‍ എന്ന് സ്റ്റേഷന്‍ ഓഫീസര്‍ ആനന്ദ് സിപി പറഞ്ഞു. ചടങ്ങില്‍ ഡി.എഫ്.ഒ മൂസ്സ വടക്കെതില്‍ സുരേഷ് കുമാറിനെ പൊന്നാട അണിയിക്കുകയും മൊമെന്റൊ നല്‍കുകയും ചെയ്തു. കൂടാതെ സ്റ്റേഷന്‍ അംഗങ്ങളുടെ സ്‌നേഹോപഹാരവും നല്‍കി.

27 വര്‍ഷം സമൂഹത്തിന് നിസ്വാര്‍ത്ഥമായ സേവനം നല്‍കാന്‍ സാധിച്ചത് വളരെ അഭിമാനമുണ്ടെന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കൂടാതെ ഇതിന് സഹായിച്ച സഹപ്രവര്‍ത്തകരോടും ചടങ്ങ് സംഘടിപ്പിച്ച സ്റ്റേഷന്‍ അംഗങ്ങളോടും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. എ.എസ്.ടി.ഒ പ്രമോദ് പി.കെ, മജീദ്, പി.കെ.ബാബു, എസ്.എഫ്.ആര്‍.ഒ.റഫീഖ് കാവില്‍, എഫ്.ആര്‍.ഒബിജേഷ്, ഷിജു.ടി.പി., ഹരീഷ് എം.എസ്, രാകേഷ്.പി.കെ, സനല്‍രാജ്, ഹോംഗാര്‍ഡ് സത്യന്‍, ഹരിദാസ്, കൂടാതെ ബേബി, സി.ഡി.വി അംഗം ബിജു എന്നിവര്‍ സംസാരിച്ചു.