പ്രശസ്ത സാഹിത്യകാരി പി.വത്സല അന്തരിച്ചു


കോഴിക്കോട്‌: പ്രശസ്ത സാഹിത്യകാരി പി.വത്സല അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. 1939 ഓഗസ്ത് 28ന് കാനങ്ങാട് ചന്തുവിന്റെയും ഇ.പത്മാവതിയുടെയും മകളായി ജനനം. നടക്കാവ് സ്‌ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് പ്രോവിഡന്‍സ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും ബിരുദവും കഴിഞ്ഞു. തുടര്‍ന്ന് ബി.എ ഇക്കണോമിക്‌സ് പഠനത്തിനുശേഷം കൊടുവള്ളി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ അധ്യാപികയായി ജോലി ആരംഭിച്ചു. ജോലിക്കിടെ കോഴിക്കോട് ഗവ.ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജില്‍ നിന്ന് ബി.എഡ് പഠനം പൂര്‍ത്തിയാക്കി. ശേഷം നടക്കാവ് ഗേള്‍ഡ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. 1993ലാണ് അവിടെ നിന്നും വിരമിക്കുന്നത്.

തിരുനെല്ലിയുടെ കഥാകാരിയെന്നറിയപ്പെടുന്ന വത്സല 1960 മുതലാണ് മലയാള സാഹിത്യ രംഗത്ത് സജീവമായത്. മുട്ടത്തു വർക്കി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, സി വി കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി. നെല്ല് ആണ്‌ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ് എൽ പുരം സദാനന്ദന്‍റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി.

നെല്ല് (1972), റോസ്മേരിയുടെ ആകാശങ്ങള്‍ (1993), ആരും മരിക്കുന്നില്ല (1987), ആഗ്‌നേയം (1974), ഗൗതമന്‍ (1986), പാളയം (1981), ചാവേര്‍ (1991), അരക്കില്ലം (1977), കൂമന്‍കൊല്ലി (1984), നമ്പരുകള്‍ (1980), വിലാപം (1997), ആദിജലം (2004), വേനല്‍ (1979), കനല്‍ (1979), നിഴലുറങ്ങുന്ന വഴികള്‍ (1979) (നോവലുകള്‍). തിരക്കിലല്പം സ്ഥലം (1969), പഴയപുതിയ നഗരം (1979), ആനവേട്ടക്കാരന്‍ (1982), ‘ഉണിക്കോരന്‍ ചതോപാധ്യായ (1985), ഉച്ചയുടെ നിഴല്‍ (1976), കറുത്ത മഴപെയ്യുന്ന താഴ്വര (1988), കോട്ടയിലെ പ്രേമ (2002), പൂരം (2003), അന്നാമേരിയെ നേരിടാന്‍ (1988) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.