”ആ വിളികള്‍ അയാളെ കൂടുതല്‍ അപകടകാരിയാക്കും. തീയുണ്ടകള്‍ പോലുള്ള ഷോട്ടുകള്‍ക്ക് മുന്നില്‍ നെഞ്ചുവിരിച്ചു നില്‍ക്കും” കളിക്കളത്തിലെ കെ.ടി.സുരേന്ദ്രനെ ഓര്‍ത്തുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു
കൊയിലാണ്ടി: ഫുട്‌ബോള്‍ പരിശീലകനായും ഗോള്‍ കീപ്പറായും ശ്രദ്ധനേടിയ കുറുവങ്ങാട് സ്വദേശി കെ.ടി.സുരേന്ദ്രന്റെ വിയോഗം കൊയിലാണ്ടിയെ സംബന്ധിച്ച് തീരാനഷ്ടമാണ്. കൊയിലാണ്ടിയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഏറെ പരിചിതനായിരുന്ന അദ്ദേഹത്തിന്റെ ശൈലികളും സേവുകളുമെല്ലാം പലരുടെയും ഓര്‍മ്മകളില്‍ ഇന്നും വ്യക്തമായുണ്ട്. കൊയിലാണ്ടിക്കൂട്ടം എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കളിക്കളത്തിലെ സുരേന്ദ്രന്റെ പ്രകടനങ്ങളെക്കുറിച്ചുള്ള കുറിപ്പ് ഏറെ ശ്രദ്ധനേടുകയാണ്.
കുറിപ്പ് വായിക്കാം:
തീര്‍ന്നുപോകരുതെന്നാഗ്രഹിച്ചാസ്വദിച്ചുകൊണ്ടിരുന്നൊരു കാല്പന്തുകളിയില്‍ റെഫെറിയൂടെ നോട്ടത്തിനോ സ്റ്റോപ്പ്വാച്ചിനോ ഫൗളായത് എന്നു തോന്നിപ്പിക്കും വിധം കളിയവസാനിച്ചപോലെ… കളിയുപേക്ഷിക്കാന്‍ കഴിയാതിരുന്നൊരു മനുഷ്യനെ കാലമെന്ന, അല്ലെങ്കില്‍ കാലനെന്ന റെഫറിയുടെ പിഴവില്‍ നഷ്ടമായി.
മണക്കുളങ്ങര വയലിലെ കുമ്മായവരക്കരികില്‍ ട്രൗസറിട്ട് നീങ്ങിയും നിരങ്ങിയുമിരുന്നു കളി കാണുന്ന കാലം മുതല്‍ കുറുവങ്ങാടിന്റെ ഹിഗ്വിറ്റ ആയിരുന്നു കെ.ടി.സുരേന്ദ്രന്‍ എന്ന ഗോളി. ഒരു ഇരട്ടപ്പേരിലായിരുന്നു കാണികളില്‍ ഏറെപ്പേരും (ഞാനുള്‍പ്പെടെ )അദ്ദേഹത്തെ വിളിച്ചു കൂവാറ്.
ആ കൂവല്‍ ഒരിക്കലും അദ്ദേഹത്തെ അപമാനിക്കാനോ അപഹസിക്കാനോ ആയിരുന്നില്ല. തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ ആയിരുന്നു. കാരണം ആ വിളികള്‍ അയാളെ കൂടുതല്‍ അപകടകാരിയാക്കും. തീയുണ്ടകള്‍ പോലുള്ള ഷോട്ടുകള്‍ക്ക് മുന്നില്‍ നെഞ്ചുവിരിച്ചു നില്‍ക്കും. ആ വിളികള്‍ അയാളെ കൂടുതല്‍ ശ്രദ്ധലുവാക്കും. എതിര്‍ ഫോര്‍വേഡിന്റെ കാലുകളിലേക്കയാള്‍ ഒരു ഡോള്‍ഫിന്‍ കണക്കെ ചാടിവീഴും. ആ വിളിയില്‍ അയാള്‍ മുഴുനീള ഡൈവുകള്‍ കൊണ്ടു കാണികളുടെ കണ്ണുകളില്‍ കുളിര്‍മഴ പെയ്യിക്കും.
അന്നൊക്കെ ഒരു കാര്യം കളിപ്രേമികള്‍ പറയുന്നത് കേള്‍ക്കാമായിരുന്നു
‘സുരയുടെ പോസ്റ്റില്‍ ആദ്യം ഒരു ഗോള്‍ വീണാല്‍ പലപ്പോഴും അവന്‍ പതറിപ്പോകും.. പക്ഷെ ഒന്നോ രണ്ടോ സേവ് ചെയ്യല്‍ തുടങ്ങിയാ പിന്നെ ആ വലയില്‍ ബോള്‍ അന്ന് തൊടില്ല എന്നു’
കളത്തിനു പുറത്തെ സുരേട്ടന്‍ തികച്ചും ശാന്തനും സൗമ്യനുമായിരുന്നെങ്കില്‍ കളത്തിലിറങ്ങിയാല്‍ നേരെ വിപരീതമായിരുന്നു. നമ്മള്‍ കാണാത്തൊരു കളിക്കളത്തില്‍ ഒരു മികച്ച കീപ്പര്‍ വേണമായിരുന്നു എന്നു കരുതാം.വിട….
(സുരേട്ടന്‍ ഇപ്പോള്‍ പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്ന ABC പൊയില്‍കാവ് ടീമിനോപ്പമുള്ള ഫോട്ടോ പങ്കു വെച്ച KFA കോച്ച് ആരിഫ് നും എഡിറ്റ് ചെയ്ത രാരീഷ് ലാലിനും നന്ദി)