12 വീടുകള്‍ ഭാഗികമായി തകര്‍ന്നു, വീടുകളില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് ഒമ്പതോളം കുടുംബങ്ങളെ മാറ്റിത്താമസിച്ചു; മഴയില്‍ കൊയിലാണ്ടി താലൂക്കില്‍ വ്യാപക നാശനഷ്ടം


കൊയിലാണ്ടി: ശക്തമായ മഴയിലും കാറ്റിലും കൊയിലാണ്ടി താലൂക്കില്‍ വ്യാപക നാശനഷ്ടം. താലൂക്കിലെ പതിനാല് വില്ലേജുകളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വിയ്യൂര്‍ വില്ലേജില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഞ്ച് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു.

അരിക്കുളം വില്ലേജില്‍ നാലു കുടുംബങ്ങളും ബന്ധുവീടുകളിലും മറ്റുമായി മാറിത്തമസിച്ചിട്ടുണ്ട്. അരിക്കുളം വില്ലേജ് കിണറുള്ള കണ്ടി രവീന്ദ്രന്‍ കാരയാടിന്റെ കിണര്‍ പൂര്‍ണ്ണമായും ഇടിഞ്ഞുതാണു. കാന്തലാട് വില്ലേജില്‍ കൊയിലാട്ട് മുക്ക് ഷാജിയുടെ കട ശക്തമായ മഴയില്‍ ഭാഗികമായി തകര്‍ന്നു.

ചെങ്ങോട്ടുകാവ് വില്ലേജില്‍ പുലയന്റെ ചോട്ടില്‍ ശിവദാസന്റെ വീടിനു മുകളില്‍ തെങ്ങുവീണ് ഭാഗികമായി നാശനഷ്ടമുണ്ടായി. നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡ് പ്രവൃത്തി നടക്കുന്ന കൊല്ലം കുന്ന്യോറമല ഭാഗത്ത് റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണു.

അതിനിടെ, പൂനൂര്‍ പുഴയില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. ചാലിയാര്‍ പുഴയിലേക്ക് ശക്തമായ നീരൊഴിക്ക് കാരണം കൈവഴികളായ ഇരുവഞ്ഞിപുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയര്‍ന്നു. പുഴകളുടെ ഇരുതീരങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ശക്തമായ മഴയില്‍ ജില്ലയില്‍ പലയിടങ്ങളിലും വ്യാപകമായ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വൈദ്യുത വിതരണ സംവിധാനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.