മാലിന്യ സംസ്‌കരണ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകരാം; സ്‌കൂള്‍ കുട്ടികള്‍ വരച്ച ശുചിത്വ ചിത്രപ്രദര്‍ശനം തിരുവങ്ങൂര്‍ എച്ച്.എസ്.എസില്‍


തിരുവങ്ങൂര്‍: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പന്തലായിനി ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്ന് തിരുവങ്ങൂര്‍ എച്ച്.എസ്.എസില്‍ ശുചിത്വ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. ജില്ലാ തലത്തില്‍ നടന്ന മത്സരത്തില്‍ സ്‌കൂള്‍ കുട്ടികള്‍ വരച്ചതില്‍ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

പ്രദര്‍ശനത്തിന്റെ ഭാഗമായി ശാസ്ത്രീയ മാലിന്യ സംസ്‌കരണം സംബന്ധിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിവിധ പോസ്റ്ററുകളും പ്രദര്‍ശനവും ശുചിത്വ പ്രതിജ്ഞയും, ശുചിത്വ ക്വിസ്സും സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത 20 സ്‌കൂളുകളിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 13 ന് പരിപാടി അവസാനിക്കും.

തിരുവങ്ങൂര്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.അഭിനീഷ് അധ്യക്ഷനായിരുന്നു. ജില്ലാ ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ സി.കെ സരിത്ത്, ഡിസ്ട്രിക്റ്റ് റിസോഴ്‌സ് പേഴ്‌സണ്‍ കെ.പി രാധാകൃഷണന്‍, ജി.ഇ.ഒ ഷാജു. ഇ, ടി കെ ജനാര്‍ദ്ധനന്‍, വിജിത കെ.കെ, ടി.കെ.ഷെറീന, കെ.കെ ഫാറൂക്ക് എന്നിവര്‍ സംസാരിച്ചു.

Summary: Exhibition of cleanliness drawings drawn by school children at Thiruvangoor HSS