കൊയിലാണ്ടിയില്‍ ലഹരി സംഘം എക്‌സൈസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവം; വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മൂന്നുപേര്‍ക്കെതിരെ കേസ്


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ ലഹരി സംഘം എക്‌സൈസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസ്. കൊയിലാണ്ടി സ്വദേശി യാസിന്‍ (21), ചെങ്ങോട്ടുകാവ് സ്വദേശിയായ നിമേഷ് (24), അരങ്ങാടത്ത് മുര്‍ഷിദ് (26) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇന്നലെ രാത്രി അഞ്ചോളം വരുന്ന സംഘമാണ് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഇതില്‍ രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി നഗരത്തിലെ ബാവാ സ്‌ക്വയറിലെ ഒരു കടയില്‍ മദ്യം, മയക്കുമരുന്ന് പരിശോധനയ്ക്കത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍.

എക്‌സൈസ് ഇന്‍സ്‌പെപെക്ടര്‍ എ.പി.ദീപേഷ്, പ്രിവന്റീവ് ഓഫീസര്‍ സജീവന്‍, എ.കെ.രതീശന്‍ തുടങ്ങിയവരെയാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനു നേരെ അക്രമികള്‍ തിരിഞ്ഞു. കൊയിലാണ്ടി സി.ഐ.ബിജു എസ്.ഐ.അനീഷ് വടക്കയില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തിയാണ് പ്രതികളെ പിടികൂടിയത്.

എക്‌സൈസ് ഉദ്യോഗസ്ഥരടക്കം ലഹരി സംഘങ്ങളുടെ ആക്രമണത്തിന് ഇരയാവുന്ന സംഭവങ്ങള്‍ കൊയിലാണ്ടിയില്‍ ആവര്‍ത്തിക്കുകയാണ്. ജൂലായ് 14ന് പെരുവെട്ടൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന മൊയ്തീന്‍ പരിശോധനക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു.