രാത്രി മുഴുവന്‍ ഓണ്‍ലൈനില്‍; ഏറെ വൈകിയാലും ഉറങ്ങാതെ ഫോണും നോക്കി കുത്തിയിരിപ്പ്, നമ്മുടെ കുട്ടികളുടെ ഉറക്കം എവിടെപ്പോയി! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ പുറത്ത്


ഒരു ചെറിയ കാലം മുന്‍പു വരെ രാത്രി എട്ട് ഒന്‍പത് മണി കഴിയുന്നതോടെ മിക്കവാറും വീടുകളില്‍ കുട്ടികള്‍ ഉറങ്ങിക്കാണും. എന്നാല്‍ ഇന്നത്തെ അമ്മമാരുടെ പരാതി. രാത്രി ഏറെ വൈകിയാലും കുട്ടികള്‍ ഉറങ്ങുന്നില്ല എന്നതാണ്. ഇതിന് വില്ലനായി നില്‍ക്കുന്നതോ ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഘടകമായ ഇന്റര്‍നെറ്റും. കുട്ടികളും ഇന്റര്‍നെറ്റുമായുളള ബന്ധത്തെക്കുറിച്ചും അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്നതിനെക്കുറിച്ചും പല അഭിപ്രായങ്ങളും ഉയര്‍ന്നു വരാറുണ്ട്.

മിക്ക കുട്ടികളും രാപകലില്ലാതെ സ്മാര്‍ട് ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവരാണ്. ഉറങ്ങും വരെ ചാറ്റും വീഡിയോ കോളും വീഡിയോ കാണലും മിക്ക കുട്ടികളുടെയും പതിവ് ജിവീത രീതിയായി മാറിയിരിക്കുന്നു. ഈ മാറ്റത്തിനു പിന്നില്‍ കൊറോണക്കാലത്തിനും വലിയ പങ്കുണ്ട്. അതുവരെ ഫോണ്‍ നോക്കരുത് കാണരുത് എന്നെല്ലാം പറഞ്ഞ് നമ്മള്‍ പലപ്പോഴും അവരെ വിലക്കുമായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ ഇതിനയവു വന്നു. അതോടെ കുട്ടികള്‍ കൂടുതല്‍ ഫോണിലേക്കും ഇന്റര്‍നെറ്റിലേക്കും അടിമപ്പെടാന്‍ തുടങ്ങി.

സുഹൃത്തുക്കളെ ഇന്റര്‍നെറ്റിലൂടെ മാത്രം കണ്ടിരുന്ന കാലം ചാറ്റിങിലൂടെ ആരംഭിച്ച സംസാരം ഇപ്പോള്‍ സമയമോ, സാഹചര്യങ്ങളോ നോക്കാതെ അജ്ഞാതരുമായി ഓണ്‍ലൈന്‍ വഴി ചാറ്റിങ്, വീഡിയോ കോള്‍, മറ്റു ഇടപാടുകള്‍ എന്നിവയിലേക്ക് എത്തി. ഇതില്‍ വലിയൊരു വിഭാഗം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ തന്നെയാണ്.

കുട്ടികള്‍ സോഷ്യല്‍മീഡിയ വഴി തെറ്റാന്‍ നിരവധി വഴികളുണ്ടെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ വേണ്ടത്ര നല്ല ഉറക്കം ലഭിക്കുന്നില്ലെന്നാണ് പുതിയ പഠനം പറയുന്നത്. രാത്രി മുഴുവന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് വേണ്ടത്ര ഉറങ്ങാന്‍ സമയം ലഭിക്കുന്നില്ലെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്ത പഠനം വെളിപ്പെടുത്തുന്നു.

10 മുതല്‍ 11 വയസ് വരെയുള്ള കുട്ടികളെയാണ് പഠനത്തിന്റെ ഭാഗമാക്കിയത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും സോഷ്യല്‍ മീഡിയകളില്‍ സ്വന്തമായി അക്കൗണ്ടുണ്ട്, പതിവായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇവരില്‍ 89 ശതമാനം പേര്‍ക്കും സ്വന്തമായി സ്മാര്‍ട് ഫോണ്‍ ഉണ്ടായിരുന്നു. 55.4 ശതമാനം പേര്‍ ടാബ്ലെറ്റ് ഉപയോഗിക്കുന്നതായും 23.2 ശതമാനം പേര്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതായും ഒന്‍പത് ശതമാനം പേര്‍ സ്മാര്‍ട് വാച്ച് ഉപയോഗിച്ചതായും പറഞ്ഞു.

കൗമാരപ്രായത്തില്‍ എത്താത്ത കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍ മിക്കവരും ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക്, സ്നാപ്ചാറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്നു. എട്ട് കുട്ടികളില്‍ ഒരാള്‍ രാത്രി ഉറങ്ങേണ്ട സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം കണ്ടെത്തി.

69 ശതമാനം കുട്ടികളും ദിവസവും നാല് മണിക്കൂറിലധികം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു. 66.1 ശതമാനം പേര്‍ ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 12.5 ശതമാനം പേര്‍ അര്‍ദ്ധരാത്രിയില്‍ ഉറങ്ങേണ്ട സമയത്ത് ഫോണ്‍ ഉപയോഗിക്കുമെന്ന് പറഞ്ഞു. 89 ശതമാനം കുട്ടികളും ഉപയോഗിച്ചിരുന്നത് ടിക് ടോക്കായിരുന്നു. 83.9 ശതമാനം പേര്‍ സ്‌നാപ്ചാറ്റും 87.5 ശതമാനം പേര്‍ യൂട്യൂബും 57 ശതമാനം കുട്ടികള്‍ ഇന്‍സ്റ്റാഗ്രാമിലും 17 ശതമാനം പേര്‍ ഓണ്‍ലൈന്‍ ഫോറമായ റെഡ്ഡിറ്റും ഉപയോഗിക്കുന്നു. കുട്ടികളില്‍ രണ്ട് ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് ഫെയ്സ്ബുക് ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയ അഡിക്ഷന്‍ കാരണം സ്‌കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു രാത്രി മുഴുവന്‍ ഉറക്കം നഷ്ടപ്പെടുന്നുണ്ട്.

മാതാപിതാക്കള്‍ക്കു പകരം മക്കളെ നോക്കാനിരുത്തുന്നയാളുടെ റോള്‍ ഇന്റര്‍നെറ്റിനു നല്‍കുന്ന രീതി ഇന്ന് വ്യാപകമാകുകയാണ്. സാങ്കേതികവിദ്യയെക്കുറിച്ച് കാര്യമായ അവബോധമില്ലാത്ത മാതാപിതാക്കളാണ് ഇതു ചെയ്യുന്നത്. ഇത്തരം രീതികള്‍ ഇല്ലാതാക്കണമെന്നാണ് മിക്ക വിദഗ്ധരും പറയുന്നത്.

കംപ്യൂട്ടറുകളും, ഫോണുകളും, ഐപാഡുകളും സ്വന്തം മുറികളില്‍ ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. കാരണം ഇന്റര്‍നെറ്റ് അപകടകാരിയാണ്. ചെറിയ കുട്ടികളെ സ്വന്തമായി ഇന്റര്‍നെറ്റില്‍ മേയാന്‍ വിടരുത്. മിക്കവാറും അച്ഛനമ്മമാര്‍ക്ക് ടെക്‌നോളജിയെക്കുറിച്ച് വേണ്ടത്ര അവബോധമില്ല എന്നത് വസ്തുതയാണ്. കുട്ടികളുടെ ‘ശല്യമൊഴിവാക്കാന്‍’ അവര്‍ക്ക് കംപ്യൂട്ടറോ, ഐപാഡോ, ഫോണോ ഓണ്‍ ചെയ്തു നല്‍കുന്ന രീതി കൂടുതല്‍ മാതാപിതാക്കള്‍ അനുവര്‍ത്തിച്ചുവരുന്നു. ഇതു തെറ്റാണ്. കുട്ടികള്‍ ഒരു ദിവസം എത്ര സമയം സ്‌ക്രീനുകള്‍ക്കു മുന്നില്‍ ചെലവിടണം എന്നതിനെപ്പറ്റി ആരോഗ്യ രംഗത്തെ പ്രൊഫഷണലുകളുടെ അഭിപ്രായാമാരായാനാണ് മിക്ക രാജ്യങ്ങളും ഇപ്പോള്‍ ശ്രമിക്കുന്നത്.

summary: excessive internet use leads to sleep deprivation in children, study report