കൊല്ലം സ്വദേശിയായ പട്ടാളക്കാരന്‍ അജയ് കുമാര്‍, പൊലീസിലും പട്ടാളത്തിലുമൊക്കെ ജോലിയാഗ്രഹിക്കുന്ന കൊയിലാണ്ടിക്കാരുടെ ഹീറോയായ കഥ!


ട്ടാളത്തില്‍ സേവനം പൂര്‍ത്തിയായി തിരിച്ചെത്തുന്നവരെക്കുറിച്ച് പൊതുവില്‍ ഒരു ധാരണയുണ്ട്. ഒന്നുകില്‍ മറ്റേതെങ്കിലും ജോലി നോക്കി ഒതുങ്ങിക്കൂടും, അല്ലെങ്കില്‍ സേവനകാലത്തെ കഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് നാട്ടുകാരോട് പറഞ്ഞുനടക്കും, സിനിമകളിലൊക്കെ കാണുന്നവരെപ്പോലെ. എന്നാല്‍ കൊയിലാണ്ടി സ്വദേശികള്‍ക്ക് ഏറെ പരിചിതനായ ഒരു മുന്‍പട്ടാളക്കാരനുണ്ട്, അജയ് കുമാര്‍. സേനകളില്‍ ജോലി സ്വപ്‌നം കാണുന്ന യുവതി യുവാക്കളെ സംബന്ധിച്ച് അജയ് കുമാര്‍ ഹീറോയാണ് ഹീറോ!

2007 ഫെബ്രുവരിയില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചതാണ് അജയ് കുമാര്‍. നാട്ടിലെത്തിയതിനു പിന്നാലെ തുടങ്ങി ഇതുപോലുള്ള സേനകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് പരിശീലനം നല്‍കാന്‍. യാതൊരു പ്രതിഫലവും ഈടാക്കാതെ. തന്റെ കായികക്ഷമത നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കൂടിയുള്ള വഴിയെന്ന നിലയിലായിരുന്നു ആദ്യകാലത്ത് ഈ പരിശീലന പരിപാടി തുടങ്ങിയത്. പരിസരത്തെ കുറച്ചുപേരായിരുന്നു തുടക്കകാലത്ത് പരിശീലനത്തിനുണ്ടായിരുന്നത്. അവരില്‍ പലരും ജോലിയ്ക്ക് കയറിയതോടെ അവരില്‍ നിന്നും പറഞ്ഞറിഞ്ഞ് കുറച്ചുപേര്‍ കൂടി വന്നു. ഗുഡ് മോണിങ് ഹെല്‍ത്ത് ക്ലബ് എന്ന പേരിലറിയപ്പെടുന്ന ഈ പരിശീലന പരിപാടിയില്‍ ആദ്യത്തെ അഞ്ചുവര്‍ഷക്കാലം കൊല്ലത്തും പരിസരത്തുമുള്ള ആളുകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ പരിശീലനത്തിനായി എത്തുന്നുണ്ട്.

രാവിലെ ആറരമുതല്‍ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിനോടനുബന്ധിച്ചുളള മൈതാനിയും കൊല്ലം ചിറയുമൊക്കെയാണ് പരിശീലന കേന്ദ്രങ്ങളാകുന്നത്. താന്‍ പരിശീലനം നല്‍കിയ 250ലധികം യുവാക്കള്‍ക്ക് പ്രതിരോധ, പോലീസ്, ഫയര്‍ഫോഴ്സ്, എക്സൈസ് സേനകളില്‍ ജോലി നേടിയതായി അജയകുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ‘ ഈ രംഗങ്ങളില്‍ ജോലി ചെയ്യണമെന്ന സ്വപ്‌നമുള്ളവര്‍ പറ്റാവുന്നത്ര നേരത്തെ പരിശീലനം തുടങ്ങണം. വീട്ടിലിരുന്നോ ഒരു പരിശീലകന് കീഴിലോ പരിശീലനം തുടങ്ങാം. സൈന്യത്തിലാണെങ്കില്‍ പത്താം ക്ലാസ് പൂര്‍ത്തിയായ ഉടന്‍ പരിശീലന പരിപാടി ആരംഭിക്കുന്നത് പതിനെട്ടു വയസോടെ ജോലിയില്‍ കയറാന്‍ പ്രാപ്തരാക്കും. മാനദണ്ഡപ്രകാരമുള്ള നീളം വേണമെന്നത് പ്രധാനമാണ്. ബാക്കിയുള്ളതെല്ലാം പരിശീലനത്തിലൂടെ ഉണ്ടാക്കിയെടുക്കാന്‍ കഴിയും.’ അദ്ദേഹം പറഞ്ഞു.

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് അടുത്താണ് അജയ് കുമാറിന്റെ വീട്. 16 വര്‍ഷത്തെ കരസേനാ ജീവിതത്തിന് ശേഷം 2007 ഫെബ്രുവരിയിലാണ് അജയകുമാര്‍ വിരമിച്ചത്. ആ വര്‍ഷം തന്നെ കായിക പരിശീലനവും തുടങ്ങിയിരുന്നു. പിന്നിട് 2010ല്‍ പി.എസ്.സി പരീക്ഷയെഴുതി കേരളാ പോലീസില്‍ ജോലി ലഭിച്ചു. ഇപ്പോള്‍ കൊയിലാണ്ടി ട്രാഫിക് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ജോലിയ്ക്ക് പോകുന്നതിനു മുമ്പ് രാവിലെയാണ് അദ്ദേഹം പരിശീലനത്തിനായി സമയം ചെലവഴിക്കുന്നത്.

നിലവില്‍ എണ്‍പത് പേര്‍ സ്ഥിരമായി പരിശീലനത്തിനെത്തുന്നുണ്ട്. ഇതില്‍ പത്തോളം യുവതികളും ഉണ്ട്. അജയകുമാര്‍ പരിശീലനം നല്‍കിയ 25 പെണ്‍കുട്ടികള്‍ വനിതാ പോലീസിലും എക്സൈസിലും ജോലിയില്‍ കയറി. പോലീസ്, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ കമാണ്ടോ, ആര്‍മി, ഫയര്‍ഫോഴ്സ് എന്നിവയിലേക്കുളള സെലക്ഷന് വേണ്ടിയാണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നതെന്ന് അജയ്കുമാര്‍ പറഞ്ഞു. പി.എസ്.സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടംനേടാമെന്ന പ്രതീക്ഷയുള്ളവരാണ് പൊലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, വിഭാഗങ്ങളില്‍ പരിശീലനത്തിനായി വരുന്നത്. ഇതിന് അനുസരിച്ചുള്ള പരിശീലനങ്ങളാണ് ഇവര്‍ക്ക് നല്‍കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ദീര്‍ഘദൂര ഓട്ടം, പുള്‍ അപ്പ്, റോപ്പ് ക്ലൈംബിംഗ്, ബെന്‍ഡിംഗ്, സ്ട്രെച്ചിംഗ് തുടങ്ങിയ ശാരീരിക വ്യായാമങ്ങളിലാണ് ഏറെയും ശ്രദ്ധ കേന്ദ്രീകരിക്കുക. മകന്‍ ശ്രീബാലും, വിമുക്ത ഭടനായ കൊല്ലം മൂത്തേടത്ത് ഹരിദാസനും ഇടവേളകളില്‍ പരിശീലനത്തിന് സഹായിക്കാനെത്തും.

Summary: ex army man Ajay Kumar gives free training to youths