ഭരണാനുമതിയായി രണ്ടര വര്‍ഷത്തിനിപ്പുറവും കൊയിലാണ്ടി കെ.എസ്.ഇ.ബി സബ് സ്റ്റേഷനുവേണ്ടിയുള്ള സ്ഥലമെടുപ്പിന്റെ കാര്യത്തില്‍ പോലും തീരുമാനമായില്ല; മെല്ലപ്പോക്ക് നയത്തില്‍ ബുദ്ധിമുട്ടി നഗരത്തിലെ കച്ചവടക്കാരും ഉപഭോക്താക്കളുംകൊയിലാണ്ടി: കൊയിലാണ്ടിയില്‍ കെ.എസ്.ഇ.ബിയുടെ 110 കെ.വി സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ മെല്ലെപ്പോക്ക് നയം തുടരുന്നു. 2021 ജനുവരി അഞ്ചിന് സബ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താന്‍ 20.6 കോടി രൂപയുടെ ഭരണാനുമതി ആയെങ്കിലും രണ്ടര വര്‍ഷത്തിനിപ്പുറവും സ്ഥലം കണ്ടെത്താനോ തുടര്‍നടപടികള്‍ക്കോ സാധിച്ചിട്ടില്ല. സ്ഥലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതാണ് സബ് സ്റ്റേഷന്‍ നീണ്ടുപോകാന്‍ കാരണമെന്നാണ് കെ.എസ്.ഇ.ബിയും ജനപ്രതിനിധികളും പറയുന്നത്.

സബ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് കെ.എസ്.ഇ.ബിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതില്‍ കെ.എസ്.ഇ.ബി തീരുമാനം അറിയിച്ചിട്ടില്ലെന്നുമാണ് എം.എല്‍.എ കാനത്തില്‍ ജമീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. നിലവില്‍ രണ്ട് സ്ഥലങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടാണ് കെ.എസ്.ഇ.ബിയുടെ പരിഗണയിലുള്ളത്. കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജിന് സമീപം കുന്ന്യോറമലയിലും എസ്.എന്‍.ഡി.പി കോളജിന് താഴെയായി കൊയിലാണ്ടി നെല്ല്യാടി റോഡില്‍ ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിന് സമീപത്തായുളള സ്ഥലവുമാണിത്. കുന്ന്യോറമലയിലെ സ്ഥലത്ത് ബൈപ്പാസില്‍ നിന്നും സര്‍വ്വീസ് റോഡ് നിര്‍മ്മിക്കുന്നതിനായി പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

കൊല്ലം നെല്ല്യാടി റോഡില്‍ കണ്ടെത്തിയ സ്ഥലമാണ് ഏറെക്കുറെ അനുയോജ്യമായി തോന്നിയത്. 55 സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്. ഇതില്‍ ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്‍ നിര്‍മ്മിക്കാനായിരുന്നു ആലോചിച്ചിരുന്നത്. സാധാരണ സബ് സ്റ്റേഷന്‍ നിര്‍മ്മിക്കണമെങ്കില്‍ 1.20 ഏക്കര്‍ സ്ഥലമെങ്കിലും വേണ്ടിവരും. ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന് നിര്‍മ്മാണ ചെലവ് കൂടുമെങ്കിലും കുറഞ്ഞ സ്ഥലം മതിയാവും. സ്ഥലം ഏറ്റെടുക്കാനും മറ്റുമുള്ള ചെലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് തന്നെയാവും ഏറെ അനുയോജ്യമെന്നായിരുന്നു കണക്കുകൂട്ടല്‍. ഈ രണ്ട് സ്ഥലങ്ങളും പറ്റാതെ വരികയാണെങ്കില്‍ കൊയിലാണ്ടി നഗരത്തില്‍ മറ്റൊരു സ്ഥലം കൂടി പരിഗണനയിലുണ്ട്. എന്നാല്‍ കെ.എസ്.ഇ.ബിയില്‍ നിന്നും തീരുമാനം വരാതെ തുടര്‍നടപടിയെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

സബ് സ്റ്റേഷനായി പരിഗണനയിലുള്ള സ്ഥലങ്ങളുടെ റിപ്പോര്‍ട്ട് തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ടെന്നും അവിടെ നിന്നും തീരുമാനം വന്നിട്ടില്ലെന്നുമാണ് കെ.എസ്.ഇ.ബി അധികൃതരും പറയുന്നത്.

കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത്, നോര്‍ത്ത്, മൂടാടി മേഖലകളിലായി ഏകദേശം 60000 ഉപഭോക്താക്കളുണ്ട്. നിലവിലുള്ള സബ് സ്റ്റേഷന്‍ കൊയിലാണ്ടി പട്ടണത്തില്‍ നിന്ന് ഒമ്പതു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കന്നൂരാണുള്ളത്. പതിനൊന്ന് കെ.വി ഫീഡറുകളിലൂടെ കൊയിലാണ്ടി ടൗണിലും പരിസരത്തും വൈദ്യുതി എത്തിക്കുന്നത് പുഴകള്‍ മുറിച്ച് കടന്നാണ്. ഫീഡറിന്റെ പരിധിയുടെ അവസാന ഭാഗത്ത് വരുന്ന മൂടാടിയിലെ ഉപഭോക്താക്കളാണ് ഏറ്റവുമധികം പ്രയാസം അനുഭവിക്കുന്നത്.

ലോഡ് കൂടുതല്‍ ആവശ്യമുള്ളതും ടൗണ്‍ഷിപ്പ് ഉള്ളതും റെയില്‍വേ ട്രാക്കിന്റെ പടിഞ്ഞാറ് ഭാഗത്താണ്. നിലവിലുള്ള സബ് സ്റ്റേഷന്‍ കിഴക്ക് ഭാഗത്താണ്. പടിഞ്ഞാറ് ഭാഗത്തേക്ക് 11 കെ.വി കേബിളിലൂടെയാണ് വൈദ്യുതി എത്തിക്കുന്നത്. ഈ കേബിളിന് എന്തെങ്കിലും തകരാറ് സംഭവിച്ചാല്‍ പടിഞ്ഞാറ് ഭാഗത്തുള്ള നിരവധി സ്ഥാപനങ്ങള്‍ ഇരുട്ടിലാവുകയാണ്. വലിയ വിലകൊടുത്ത് ജനറേറ്റര്‍ സ്ഥാപിക്കാന്‍ കഴിയാത്ത ചെറുകിട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ തന്നെ ഇത് ബാധിക്കാറുണ്ട്.

സബ് സ്റ്റേഷന്‍ ഇല്ലാത്തത് കൊയിലാണ്ടി നഗരസഭയിലെ വൈദ്യുതി വിതരണത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. 11കെ.വി ലൈനില്‍ ചെറിയ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പുഴ കടന്നൊക്കെ പോകുന്നതുകൊണ്ട് തകരാര്‍ പരിഹരിക്കാന്‍ ഏറെ നേരം എടുക്കുകയാണ്.

കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റല്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും ചെറുകിട വ്യവസായ സ്ഥാപനങ്ങളും ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളും വൈദ്യുതിയുടെ ഒളിച്ച് കളികാരണം പ്രതിസന്ധിയിലാണ്. കൊയിലാണ്ടിക്കാരുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തി സബ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.