അതെ സെയ്തൂട്ടി വി.ഐ.പി ആണ്, ആരേക്കാളും വലിയ വി.ഐ.പി; ഊരള്ളൂരില്‍ അന്തരിച്ച സെയ്തൂട്ടിയെക്കുറിച്ച് ഇ.പി.രാഗേഷ് എഴുതുന്നു
ആകാശംമുട്ടെ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാവാം അവന്‍ വലിയ നീളക്കാരനായിരുന്നു. സെയ്തുന്നാ പേര് , വിളിച്ചു വിളിച്ച് എല്ലാവരും കൂടി സെയ്തൂട്ടി എന്നാക്കി. ചിലരെ പടച്ചോന്‍ ആര്‍ക്കും വേണ്ടാത്തവനാക്കി കളയത്രെ, എന്നാല്‍ പടച്ചോന് അവന്‍ ഏറ്റവും വേണ്ടപ്പെട്ടവനും ആയിരിക്കും അത്രേ…
സ്‌കൂള്‍ വിട്ടു നടന്നു പോകുന്ന കുട്ടികള്‍ വഴിയില്‍ കണ്ട കാക്ക കുഞ്ഞിനെ കല്ലെറിഞ്ഞു. കല്ലേറു തടുക്കാന്‍ കാക്ക കുഞ്ഞിനെ പൊത്തി വെച്ച് കുട്ടികളുടെ കല്ലേറ് വാങ്ങി, കാക്കക്കൂട്ടത്തിന്റെ കൊത്തും കിട്ടി. ചോര ഒലിപ്പിച്ച് ചിരിച്ചുനിന്ന അവനെ പൊട്ടന്‍ സെയ്തൂട്ടീന്ന് കുട്ടികള്‍ കൂകി വിളിച്ചു. മഴപെയ്ത കറുത്ത ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി അവന്‍ ഉറക്കെ പ്രാര്‍ത്ഥിച്ചു , പടച്ചോനെ എല്ലാര്‍ക്കും നല്ലത് വരുത്തണേ.
മഴ നനഞ്ഞ് നടക്കുന്നതിനിടയില്‍ മൂക്കിലേക്ക് നല്ല ബിരിയാണിയുടെ മണം വന്നടിച്ചു . വലിയവീടന്റെ വീട്ടില്‍ വലിയ പന്തല് കെട്ടിയിരിക്കുന്നു. നാട്ടിലെ ഏത് കല്യാണവും അവന്റെ സ്വന്തക്കാരുടേതാണ്. എല്ലാവരും അവന്റെ സ്വന്തക്കാരാണ്.
Also Read- ഊരള്ളൂര്‍ വാളിപ്പറമ്പില്‍ സെയ്തൂട്ടി അന്തരിച്ചു
നീട്ടി സലാം പറഞ്ഞ് മുറ്റത്തെ വിഐപി കസേരകളില്‍ ഒന്നിലേക്ക് ഇരുന്നു. കുട്ടികളില്‍ ആരോ കൊണ്ടുകൊടുത്ത കളറുള്ള വെള്ളം കുടിച്ച് അവന്‍ഉറക്കെ പറഞ്ഞും ചിരിച്ചും അങ്ങനെ ഇരുന്നു. മുഷിഞ്ഞ വേഷക്കാരന്റെ ആ ഇരുത്തം വീട്ടിലെ പ്രധാനികളില്‍ ചിലര്‍ക്കൊന്നും ഇഷ്ടമായില്ല , പന്തലില്‍ ഓടിനടക്കുന്ന ചെറുപ്പക്കാരില്‍ ഒരാളെ വിളിച്ച് ഒരു സ്വകാര്യം പറച്ചില്‍. അയാള്‍ അവനെ പുറകിലോട്ട് വിളിച്ചുകൊണ്ടുപോയി. അവനു മാത്രമായി ഒരു മേശയും കസേരയും ഇട്ടു . അതില്‍ ഭക്ഷണം വിളമ്പി. അതെ സെയ്തൂട്ടി വി.ഐ.പി ആണ്, ആരേക്കാളും വലിയ വി.ഐ.പി. (കാബൂളിവാല സിനിമയിലെ ഇന്നസെന്ററും ജഗതിച്ചേട്ടനും തകര്‍ത്തഭിനയിച്ച ചില രംഗങ്ങള്‍ അറിയാതെ മനസ്സില്‍ ഓര്‍മ്മ വന്നു)
പരാതികളും പരിഭവങ്ങളും ഇല്ലാതെ സെയ്തൂട്ടി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നടന്നടുത്തു. പരിചയക്കാരോട് അല്ലെങ്കില്‍ അടുപ്പം തോന്നുന്നവരോട് ഒരു ചോറ് വാങ്ങി തരുമോ എന്ന് ചോദിക്കും, അല്ലെങ്കില്‍ 10 രൂപയ്ക്ക് ചോദിക്കും.
മഴയും വെയിലും അറിഞ്ഞ് അയാള്‍ പിന്നെയും പിന്നെയും നടന്നു . നാട്ടുമാവിന്‍ ചോട്ടിലെ തണലില്‍ ഇരുന്ന് അയാള്‍ ആരോടൊക്കെയോ കഥകള്‍ പറഞ്ഞു.
ഒരിക്കല്‍ അയാള്‍ ആരോടോ ആയി പറഞ്ഞു, ഉമ്മ പോയേ പിന്നെ എന്നെ ആരും ഇങ്ങനെ സ്‌നേഹത്തോടെ ചേര്‍ത്തു പിടിച്ചിട്ടില്ല … സെയ്തൂട്ടിനെ അറപ്പാണ് എല്ലാവര്‍ക്കും… ചിരിക്കാന്‍ മാത്രം അറിയുന്ന അവന്‍ ഉറക്കെ ചിരിച്ചു…
പക്ഷേ എന്നെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളുണ്ട്, അത് ആരാന്നറിയോ മാഷ്‌ക്ക്. ഇല്ലല്ലേ, ഞാന്‍ തന്നെ മാഷേ. അയാള്‍ അയാളുടെ തോളില്‍ തന്നെ തട്ടി ഉറക്കെ.. ഉറക്കെ ചിരിച്ചു.