യാസിര്‍ എത്തിയത് ബാഗില്‍ കത്തിയുമായെന്ന് ദൃക്‌സാക്ഷി, ഷിബിലയെ ആക്രമിക്കുന്ന സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ്; ലക്ഷ്യമിട്ടത് ഭാര്യാപിതാവിനെയെന്ന് മൊഴി


താമരശ്ശേരി: ഈങ്ങാപ്പുഴ ഷിബില കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. പ്രതി യാസിര്‍ എത്തിയത് ബാഗില്‍ കത്തിയുമായിട്ടാണെന്നും തടയാന്‍ എത്തിയവര്‍ക്ക് നേരെയും കത്തിവീശിയെന്നും ദൃക്‌സാക്ഷി പറഞ്ഞു. നോമ്പ് തുറക്കുന്നതിനിടെയാണ് ഷിബിലയും ഉപ്പ അബ്ദുറഹ്‌മാനും ആക്രമിക്കപ്പെട്ടത്. ഇവരുടെ നിലവിളി ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് അയല്‍വാസിയായ നാസര്‍ പറയുന്നു. നാസര്‍ ആണ് കുത്തേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. അതേ സമയം ഷിബിലയെ ആക്രമിക്കുന്ന സമയത്ത് യാസിര്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

യാസിര്‍ ലക്ഷ്യമിട്ടിരുന്നത് ഭാര്യാപിതാവ് അബ്ദുറഹിമാനെയായിരുന്നെന്നാണ് പൊലീസിന് മൊഴി നല്‍കിയത്. ഷിബിലയെ കൂടെ കൊണ്ടുപോകുന്നതില്‍ തടസം നിന്നത് പിതാവായിരുന്നെന്ന തോന്നലാണ് ഇതിന് കാരണം. ഇക്കാര്യം പ്രതി താമരശ്ശേരി പൊലീസിനോട് വെളിപ്പെടുത്തി. ഷിബിലയെ യാസിര്‍ നിരന്തരം ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തുമായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ താല്‍പര്യമില്ലെന്ന് ഷിബില അറിയിച്ചിട്ടും യാസിര്‍ നിരന്തരം ശല്യപ്പെടുത്തി. ദിവസങ്ങള്‍ക്ക് മുമ്പ് താമരശ്ശേരിയില്‍ ഉമ്മയെ വെട്ടിക്കൊന്ന ആഷിഖ്, യാസറിന്റെ സുഹൃത്താണെന്ന് അറിഞ്ഞതോടെ ഷിബില ഇക്കാര്യവും ചോദ്യം ചെയ്തിരുന്നു.

ഷിബിലയുടെ കൊലപാതകം ആസൂത്രിതമായിട്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. യാസിര്‍ ഇന്നലെ ഉച്ചക്ക് ഷിബിലയുടെ വീട്ടില്‍ എത്തിയിരുന്നു. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. വൈകിട്ട് വീണ്ടും വരാമെന്നും സലാം ചൊല്ലി പിരിയാമെന്നും യാസിര്‍ ഷിബിലയോട് പറഞ്ഞു. തുടര്‍ന്ന് വൈകിട്ട് വീണ്ടും വീട്ടിലെത്തിയാണ് ഷിബിലയെ കൊലപ്പെടുത്തിയത്.

ഷിബിലയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് നടക്കും. യാസിറിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉപ്പ അബ്ദുറഹിമാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഉമ്മ ഹസീനയെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.