ഭക്ഷ്യ പൊതുവിതരണ രംഗത്തെ വിവേചനം അവസാനിപ്പിക്കുക; നിയമസഭയില്‍ പ്രമേയവുമായി കാനത്തില്‍ ജമീല എം.എല്‍.എ


കൊയിലാണ്ടി: ഭക്ഷ്യ പൊതുവിതരണ രംഗത്ത് കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്ന പ്രമേയം കാനത്തില്‍ ജമീല എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ചു. 2013 ല്‍ നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് നടപ്പാക്കിയതിലൂടെ അതുവരെ 16.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ലഭിച്ചിരുന്ന കേരളത്തിന് ഇപ്പോള്‍ 14.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്.

അതായത് വിതരണ രംഗത്ത് 2 ലക്ഷം മെട്രിക് ടണ്ണിന്റെ വെട്ടിക്കുറവാണ് സംസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്നത്. മണ്ണെണ്ണയുടെ കാര്യത്തിലും വലിയ വെട്ടിക്കുറവ് നേരിടുന്നു. പ്രതിവര്‍ഷം 912 കോടി രൂപ റേഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവിടുമ്പോള്‍ വെറും 86 കോടി മാത്രം ചിലവിടുന്ന കേന്ദ്രം, റേഷന്‍ ഷാപ്പുകളില്‍ മോദിയുടെ സെല്‍ഫി പോയിന്റ് സ്ഥാപിക്കണം എന്ന് ആവശ്യപ്പെടുന്നതിനെ എം.എല്‍.എ പ്രമേയ അവതരണത്തെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ അപലപിച്ചു.