അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു


അതിരപ്പിള്ളി: മസ്തകത്തിന് പരിക്കേറ്റ അതിരപ്പിള്ളിയിലെ കാട്ടാന ചരിഞ്ഞു. കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

അതിരപ്പിള്ളി വനമേഖലയില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവെച്ച് വീഴ്ത്തി നിയന്ത്രണത്തിലാക്കി ചികിത്സിക്കുകയായിരുന്നു.


മസ്തകത്തില്‍ വ്രണംവന്ന് വലിയ ദ്വാരം രൂപപ്പെട്ട നിലയിലായിരുന്നു ആന ഉണ്ടായിരുന്നത്. വ്രണത്തില്‍നിന്ന് ഈച്ചയും പുഴുവും പുറത്തുവന്നിരുന്നു. ജനുവരി 24 ന് മസ്തകത്തില്‍ മുറിവേറ്റ കൊമ്പന് മയക്കുവെടി വച്ച് ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ മുറിവ് ഭേദമാകാത്തതിനെത്തുടര്‍ന്നാണ് വീണ്ടും മയക്കുവെടി വച്ച് ആനകൂട്ടിലെത്തിച്ചത്. ചികിത്സയെ തുടര്‍ന്ന് ആരോഗ്യനിലയില്‍ പുരോഗതി പ്രാപിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ പെട്ടെന്ന് കുഴഞ്ഞുവീഴുകയും ചരിയുകയുമായിരുന്നു.