ഒറ്റയ്‌ക്കെഴുന്നള്ളിച്ചാല്‍ ശാന്തന്‍, കൂട്ടത്തിലാണെങ്കില്‍ അക്രമി; കൊയിലാണ്ടിയില്‍ ആദ്യം ഇടഞ്ഞ പിതാംബരന്‍ എന്ന ആനയെക്കുറിച്ച് പറയുന്നതിങ്ങനെ


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ പീതാംബരന്‍ എന്ന ആന മറ്റ് ആന ഒറ്റയ്ക്ക് എഴുന്നള്ളിച്ചാല്‍ ശാന്തനാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. അതേസമയം മറ്റ് ആനകള്‍ക്കൊപ്പമാണെങ്കില്‍ അവയെ ഉപദ്രവിക്കാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു.

ഉത്സവത്തിനിടെ ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതോടെ ഇടഞ്ഞ പിതാംബരന്‍ തൊട്ടുമുമ്പിലുണ്ടായിരുന്ന നകുലന്‍ എന്ന ആനയെ കുത്തുകയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ആനകളും കൊമ്പ് കോര്‍ക്കുകയും ഇടഞ്ഞോടുകയും ചെയ്തു.

ഈ രണ്ട് ആനകള്‍ക്കുമൊപ്പം ആമ്പാടി ബാലനാരായണന്‍ എന്ന ആനയെക്കൂടി എഴുന്നള്ളിക്കേണ്ടതായിരുന്നു. എന്നാല്‍ ഈ ആന അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മടക്കി അയക്കുകയായിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കി.

എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടാന്‍ തുടങ്ങിയ സമയമായതുകൊണ്ടുതന്നെ വന്‍തോതില്‍ ഭക്തജനങ്ങള്‍ ക്ഷേത്രപരിസരത്തുണ്ടായിരുന്നു. ആനകള്‍ ഇടഞ്ഞതോടെ പരിഭ്രാന്തരായ ജനക്കൂട്ടം ചിതറിയോടിയതോടെ തിക്കിലും തിരക്കിലും പെട്ടും വീണും ചവിട്ടേറ്റുമൊക്കെയാണ് ഏറെ പേര്‍ക്ക് പരിക്കേററ്റത്.

ആനകളുടെ ആക്രമണത്തില്‍ ക്ഷേത്ര ഓഫീസ് അടക്കം തകര്‍ന്നിരുന്നു. ഓഫീസിന് താഴെ ഇരുന്നിരുന്ന അമ്മുക്കുട്ടി, ലീല, രാജന്‍ എന്നിവരാണ് മരിച്ചത്. മുപ്പതോളം പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ ആരുടെ പരിക്കും ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമായി ചികിത്സയിലാണ്.

Summary: elephant-peethambaran attitude towards otherelephants