വൈദ്യുതി സർചാർജ് ഫെബ്രുവരിയിലും പിരിക്കും; ബില്ലിൽ യൂണിറ്റിന് 9 പൈസ കുറയും
തിരുവനന്തപുരം: യൂണിറ്റിന് 10 പൈസ വച്ച് സർചാർജ് പിരിക്കുന്നത് അടുത്ത മാസവും തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. അതതു മാസത്തെ അധിക ചെലവ് ഈടാക്കാൻ കെഎസ്ഇബി സ്വന്തം നിലയിൽ ഈടാക്കുന്ന ഇന്ധന സർചാർജാണിത്. ജനുവരി വരെ 19 പൈസയായിരുന്നു സർചാർജ് ഇനത്തിൽ പിരിച്ചിരുന്നത്. ഇതിൽ 10 പൈസ വൈദ്യുതി ബോർഡ് സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചതുമാണ്.
ഫെബ്രുവരിയിലെ കെഎസ്ഇബി വൈദ്യുതി ബില്ലിൽ യൂണിറ്റിന് 9 പൈസ കുറയും. 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അധികമായി ചെലവായ തുക ഈടാക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസ ഇന്ധന സർചാർജ് ഈ മാസം അവസാനിക്കുന്നതിനാലാണ് ബില്ലിൽ 9 പൈസ് കുറയുന്നത്.
2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലെ വൈദ്യുതി വാങ്ങൽ ചെലവ് പരിശോധിച്ച ശേഷം റഗുലേറ്ററി കമ്മിഷൻ അനുവദിച്ചതിനെക്കാൾ കൂടിയ തുക ആയിട്ടുണ്ടെങ്കിൽ അത് ഈടാക്കാൻ സർചാർജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും അപേക്ഷ നൽകും.