പേരാമ്പ്ര കൂത്താളിയിലെ വയോധികൻ്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി; മകൻ അറസ്റ്റിൽ


പേരാമ്പ്ര: കൂത്താളിയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് കൂത്താളി രണ്ടേയാറിലെ ചാത്തങ്കോട്ട് ശ്രീധരൻ (69) നെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്.

ശ്രീധരനും മകൻ ശ്രീലേഷും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ശ്രീധരനും മകനും തമ്മിൽ വീട്ടിൽ എപ്പോഴും വഴക്ക് നടക്കാറുള്ളതായി നാട്ടുകാർ പറഞ്ഞിരുന്നു. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീധരന്റെ മകൻ ശ്രീലേഷ് (39) നെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ശ്രീധരനെ മരിച്ച നിലയിൽ കിടപ്പുമുറിയിലെ കട്ടിലിലാണ് കണ്ടത്. തലയുടെ പുറക് വശത്ത് മുറിവേറ്റ പാടും കട്ടിലിൽ ചോരയും ഉണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ശ്രീധരന്റെ ഭാര്യ വിമല പേരാമ്പ്രയിൽ ഉള്ള ബന്ധുവീട്ടിൽ ആയിരുന്നു.

പേരാമ്പ്ര ഡി.വൈ.എസ്‌.പി വി.വി.ലതീഷ്, പൊലീസ് ഇൻസ്‌പക്‌ടർ പി.ജംഷീർ, കെ.ഷമീർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തിയാണ് സംഭവം കൊലപാതകം തന്നെയാണെന്ന് തെളിഞ്ഞത്. കൊലപാതകമാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ശ്രീലേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Summary: Elderly man’s death in Perampra Koothali ruled murder; The son was arrested