പങ്കെടുത്തത് നൂറിലധികം പേര്‍, ലെമണ്‍സ്പൂണും ഉറിയടിയും, കസേരകളിയും; എളാട്ടേരിയെ ആവേശത്തിലാഴ്ത്തി അരുണ്‍ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണപരിപാടി
കൊയിലാണ്ടി: വാശിയേറിയ മത്സരങ്ങളോടെ എളാട്ടേരി അരുണ്‍ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണപരിപാടി ഒരുനാടിന്റെ തന്നെ ആഘോഷമായി. സ്ത്രീകളും കൊച്ചുകുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന സംഘമാണ് പരിപാടി ഗംഭീരമാക്കി മാറ്റിയത്.
അരുണ്‍ ലൈബ്രറിയുടെ പരിസരത്ത് വെച്ച് നടന്ന പരിപാടിയില്‍ ഉറിയടി, ലെമണ്‍ സ്പൂണ്‍, കസേരകളി, നൂല്‍കോര്‍ക്കല്‍ തുടങ്ങിയ മത്സരങ്ങളാണ് ഉണ്ടായിരുന്നത്. ലെമണ്‍ സ്പൂണ്‍ മത്സരത്തില്‍ പ്രദേശത്തെ കൊച്ചുകുട്ടികളും ആവേശത്തോടെ പങ്കാളികളായി. വൈകീട്ട് ആരംഭിച്ച പരിപാടി രാത്രിയോളം നീണ്ടു. നൂറോളം ആളുകളാണ് പരിപാടിയില്‍ പങ്കാളികളായത്. പങ്കെടുത്തവര്‍ക്കെല്ലാം പായസും വിവിധ മത്സര വിജയികള്‍ക്ക് ലൈബ്രറി രക്ഷാധികാരി എന്‍.ശ്രീധരന്‍ സമ്മാനങ്ങളും വിതരണം ചെയ്തു.
പരിപാടി ലൈബ്രറി സെക്രട്ടറി ഇ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡണ്ട് കെ.റീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ വേദി സെക്രട്ടറി അനിഷ, കെ. ധനീഷ്, ടി. വിജയന്‍, വി.കെ. ദീപ, ഷബ്‌ന, ശ്രീകല, ടി.എം ഷീജ, എ. സുരേഷ്, പി.കെ. ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.