‘കാഴ്ച പരിശോധിക്കാന്‍ എനിക്ക് മുമ്പില്‍ എത്തിയ എം.ടി” പത്തുവര്‍ഷം മുമ്പുള്ള ഓര്‍മ്മകളില്‍ കൊയിലാണ്ടിയിലെ ഒപ്‌റ്റോമെട്രിസ്റ്റ് ഇ.കെ.ലിഷാന


കൊയിലാണ്ടി: മലയാളത്തിന്റെ സുകൃത പുണ്യം എം.ടി വാസുദേവന്‍ നായരുടെ വിയോഗ വാര്‍ത്ത അറിഞ്ഞതുമുതല്‍ പത്തുവര്‍ഷം മുമ്പ് അദ്ദേഹവുമൊത്ത് ചെലവഴിച്ച വളരെ കുറഞ്ഞ നിമിഷങ്ങളുടെ ഓര്‍മ്മയിലാണ് കൊയിലാണ്ടിയിലെ ഒപ്‌റ്റോമെട്രിസ്റ്റ് ഇ.കെ.ലിഷാന. അന്ന് കോഴിക്കോട്ടെ റം മനോഹര്‍ റോഡിലെ സ്‌റ്റൈലാ ഓപ്ടിക്‌സില്‍ ജോലി ചെയ്യുകയാണ് ലിഷാന. ആശുപത്രിയിലെ പ്രധാന ഡോക്ടര്‍ കുറച്ചുദിവസമായി അവധിയിലായിരുന്നു. അന്ന് ആശുപത്രിയിലേക്ക് ഒരാള്‍ വന്ന് പറഞ്ഞു, എം.ടി വാസുദേവന്‍ നായര്‍ വരുന്നുണ്ടെന്ന്.

അല്പസമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം എത്തി. ഇതിഹാസതുല്യനായ കഥാകാരന്‍ വന്നപ്പോള്‍ ഒരു അമ്പരപ്പായിരുന്നു. മഹാനായ എഴുത്തുകാരന്റെ കാഴ്ച പരിശോധിക്കാന്‍ കിട്ടിയത് ജീവിതത്തിലെ തന്നെ അസുലഭമായ ഭാഗ്യമായാണ് കരുതുന്നതെന്ന് ലിഷാന കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അധികം സംസാരിക്കാത്തയാളാണ്. എങ്കിലും മോളെ എന്ന് വിളിച്ചാണ് കാര്യങ്ങള്‍ പറഞ്ഞത്. കാഴ്ച പരിശോധനയും മറ്റുമായി അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. പിന്നീട് കണ്ണടയുമായാണ് മടങ്ങിയതെന്നും ലിഷാന പറഞ്ഞു.

എം.ടി. അസുഖത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞതുമുതല്‍ പ്രാര്‍ത്ഥനയിലായിരുന്നു. പക്ഷേ തന്നെപോലുള്ള ഒരുപാട് ആരാധകരുടെ മനസിനെ നൊമ്പരപ്പെടുത്തുന്ന അദ്ദേഹത്തിന്റെ വിയോഗവാര്‍ത്തയാണ് പിന്നീട് അറിഞ്ഞതെന്നും ലിഷാന പറഞ്ഞു.