വിയ്യൂരും അരിക്കുളത്തും മൂടാടിയിലുമെല്ലാം വീടുകള്‍ക്ക് നാശം; കനത്ത മഴയില്‍ കൊയിലാണ്ടി താലൂക്കില്‍ തകര്‍ന്നത് എട്ട് വീടുകള്‍


കൊയിലാണ്ടി: കനത്ത മഴയില്‍ കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മരം വീണും വെള്ളം കയറിയും നാശനഷ്ടം. താലൂക്കിലെ വിവിധ വില്ലേജുകളിലായി എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. അരിക്കുളം, കീഴരിയൂര്‍, മൂടാടി, കൊഴുക്കല്ലൂര്‍, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പന്തലായനി, വിയ്യൂര്‍ വില്ലേജുകളിലാണ് വീട് തകര്‍ന്നത്. ഞായറാഴ്ചത്തെ കണക്കുപ്രകാരമാണിത്. ഇന്നലെയുണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.

ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ താമരശ്ശേരി താലൂക്കില്‍ കോടഞ്ചേരി വില്ലേജിലെ ചെമ്പുകടവ് ഗവ. യു. പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. വെണ്ടെക്കും പൊയില്‍ കോളനിയിലെ 20 കുടുംബങ്ങളില്‍ നിന്നായി 26 കുട്ടികളടക്കം 67 പേരെ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു.

കനത്ത മഴയില്‍ വടകര താലൂക്കിലെ വിവിധ വില്ലേജുകളിലായി 26 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട് താലൂക്കില്‍ മഴയെ തുടര്‍ന്ന് വിവിധ വില്ലേജുകളിലായി രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 1077 ആണ് ടോള്‍ ഫ്രീ നമ്പര്‍. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 – 2371002

കോഴിക്കോട് താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495-2372967
താമരശേരി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 -2224088
വടകര താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2520361
കൊയിലാണ്ടി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2623100