സര്‍പ്രൈസ് കാണിക്കാമെന്ന് പറഞ്ഞ് എട്ടാം ക്ലാസുകാരിയുടെ കയ്യില്‍ സഹപാഠി ബ്ലേഡ് കൊണ്ട് കുത്തിക്കീറി; പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ കൊയിലാണ്ടി ഐ.സി.എസ് സ്‌കൂളിനെതിരെ ബന്ധുക്കള്‍
കൊയിലാണ്ടി: സര്‍പ്രൈസ് കാണിക്കാനെന്ന് പറഞ്ഞ് സഹപാഠി എട്ടാം ക്ലാസുകാരിയുടെ കയ്യില്‍ ബ്ലേഡ് കൊണ്ട് കുത്തിക്കീറിയതായി പരാതി. കൊയിലാണ്ടി ഐ.സി.എസ് സ്‌കൂളില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് കുറ്റക്കാരനായ വിദ്യാര്‍ഥിയ്‌ക്കെതിരെ പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാതെ തുടര്‍ന്നും ഈ കുട്ടിയെ ക്ലാസില്‍ തുടരാന്‍ അനുവദിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
സഹപാഠിയായ ആണ്‍കുട്ടി പെണ്‍കുട്ടികള്‍ കൂടി നില്‍ക്കുന്നയിടത്തുവന്ന് കൈ നീട്ടിയാല്‍ ഞാനൊരു സര്‍പ്രൈസ് നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളോട് കൈനീട്ടാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് മുറിവേറ്റ പെണ്‍കുട്ടിയുടെ സഹോദരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഈ കുട്ടി കൈനീട്ടിയതിനു പിന്നാലെ വിരലുകള്‍ക്കിടയില്‍ മറച്ചുപിടിച്ച ബ്ലേഡ് ഉപയോഗിച്ച് കയ്യില്‍ കുത്തിക്കീറുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയുടെ കയ്യില്‍ ആറ് സ്റ്റിച്ചുണ്ട്. സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പാക്കിയില്ലെന്നും സഹോദരന്‍ പറയുന്നു. ‘സ്‌കൂളില്‍ നിന്നും കുട്ടിയുടെ ഡോക്ടറെ കാണിച്ചിരുന്നുവെന്നാണ് പറഞ്ഞത്. കയ്യില്‍ എന്തോ മരുന്ന് തേച്ച് മുറിവ് വെച്ചു കെട്ടുകയാണ് ചെയ്തത്. ഞങ്ങളോട് അവര്‍ പറഞ്ഞത് ചെറിയ മുറിവാണെന്നാണ്. എന്നാല്‍ വീട്ടിലെത്തിയിട്ടും രക്തം വാര്‍ന്നുകൊണ്ടിരിക്കുന്ന ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. ഇത്രയും മുറിവുണ്ടായിട്ടും എന്തുകൊണ്ട് സ്റ്റിച്ചിട്ടില്ലയെന്നാണ് ഡോക്ടര്‍ ചോദിച്ചത്.” അദ്ദേഹം പറഞ്ഞു.
പിറ്റേദിവസം തന്നെ സ്‌കൂളിലെത്തി പരാതി അറിയിച്ചെങ്കിലും നടപടിയെടുക്കാമെന്ന് പറഞ്ഞതല്ലാതെ കുറ്റക്കാരനായ വിദ്യാര്‍ഥിയ്‌ക്കെതിരെ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. രണ്ടാഴ്ചത്തേക്കെങ്കിലും കുട്ടിയെ സസ്‌പെന്റ് ചെയ്ത് കൗണ്‍സിലിങ് അടക്കമുള്ള കാര്യങ്ങള്‍ക്ക് വിധേയമാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച മുതല്‍ കുറ്റക്കാരനായ വിദ്യാര്‍ത്ഥി സാധാരണ പോലെ ക്ലാസിലെത്തുന്നുണ്ട്. ഈ കുട്ടി ഇരിക്കുന്ന ക്ലാസില്‍ ഭയത്തോടെ തന്റെ മകള്‍ അടക്കമുള്ള മറ്റ് കുട്ടികളും ഇരിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Summary: Eight class girl’s hand was stabbed by her classmate with a blade in Koyilandy ics school