ചെറിയ പെരുന്നാളിനെ വരവേറ്റ് കൊയിലാണ്ടി; ഈദ് നമസ്‌കാരങ്ങള്‍ പൂര്‍ത്തിയായി, ഇനി സൗഹൃദം പുതുക്കലും പെരുന്നാള്‍ ഒത്തുകൂടലുകളും


കൊയിലാണ്ടി: വ്രതശുദ്ധിയുടെ നാളുകള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. കൊയിലാണ്ടിയിലെ വിവിധ പള്ളികളില്‍ രാവിലെ തന്നെ പെരുന്നാള്‍ നമ്‌സ്‌കാരത്തിനായി നൂറുകണക്കിനു പേര്‍ എത്തിയിരുന്നു.  പുതുവസ്ത്രങ്ങളണിഞ്ഞും സൗഹൃദങ്ങള്‍ പുതുക്കിയും പഴയ ഈദ് ഓര്‍മ്മകള്‍ പങ്കുവെച്ചും ഒരു ഒത്തുചേരല്‍ കൂടിയായി മാറി നമസ്കാര വേദികള്‍.

രാവിലെ ഏഴരയോടെയാണ് കൊയിലാണ്ടിയിലെ വിവിധ പള്ളികളില്‍ ഈദ് നമസ്‌കാരം നടന്നത്. കൊല്ലം ജുമാമസ്ജിദില്‍ നടന്ന ഈദ് നിസ്‌കാരത്തിന് നായിബ് ഖാസി അബ്ദുല്‍ ജലീല്‍ ബാഖവി നേതൃത്വം നല്‍കി. കൊല്ലം പാറപ്പള്ളിയില്‍ ഹാഫിസ് മുഹമ്മദ് ദാരിമിയും കിളളവയല്‍ അല്‍ബിലാല്‍ ജുമാമസ്ജിദില്‍ ഹുസൈന്‍ ഫൈസിയും മുചുകുന്ന് മൊകേരിയില്‍ ബഷീര്‍ ദാരിമിയും ഈദ് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കൊയിലാണ്ടിയിലെ ചെറുതുംവലുതുമായ ഒട്ടുമിക്ക പള്ളികളിലും ഈദ് നമസ്‌കാരം സംഘടിപ്പിച്ചിരുന്നു. വലിയകത്ത് ജുമാമസ്ജിദില്‍ സലാഹുദ്ദീന്‍ അയൂബി ദാരിമിയും വലിയ ജുമാഅത്ത് പള്ളിയില്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ചേക്കുട്ടി പള്ളിയില്‍ ബഷീര്‍ ബാഖവി, ചീക്കാപ്പള്ളിയില്‍ അബ്ദുറഹ്‌മാന്‍ ഇഷാമി, സിദ്ദിഖ് പള്ളിയില്‍ മഹ്ബൂബ് ഹൈത്തമി, കടപ്പുറം ഹൈദ്രോസ് പള്ളിയില്‍ സഫ് വാന്‍ സഖാഫി, കാദരിയ പള്ളിയില്‍ അഷ്‌റഫ് സഖാഫി, ചുങ്കം മഖാം പള്ളിയില്‍ അബ്ദു സമദ് ദാരിമി എന്നിവര്‍ ഈദ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി.

xr:d:DAFwHbf4DHM:2626,j:7645284764752807934,t:24041004

ഇര്‍ശാ ദുല്‍ മുസ്ലിമീന്‍ സംഘം, ഇസ്ലാഹി ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹിന് ഹംസ സലഫി കല്ലുരുട്ടി നേതൃത്വം നല്‍കി

ഇന്നലെ ശവ്വാല്‍ പിറ ദൃശ്യമായതോടെ റംസാന്‍ 29ല്‍ അവസാനിച്ച് ഇന്ന് ശവ്വാല്‍ ഒന്നായി വിവിധ സ്ഥലങ്ങളിലെ ഖാളിമാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ തന്നെ പെരുന്നാള്‍ ഒരുക്കത്തിലായി വിശ്വാസികള്‍. നാടെങ്ങും തക്ബീര്‍ ധ്വനികള്‍ മുഴങ്ങുകയും ചെയ്തു.