കുട്ടികൾക്കായി പഠനശിൽപശാല, ഒപ്പം കലാപരിപാടികളും; ശ്രദ്ധേയമായി നെടുംമ്പൊയിൽ ബി.കെ.എൻ.എം യുപി സ്കൂളിലെ അനുമോദന-രക്ഷാകർതൃ സം​ഗമം


മേപ്പയ്യൂർ: മാറുന്ന കാലഘട്ടത്തിൽ നമ്മുടെ കൺവെട്ടത്ത് പോലും മക്കൾ സുരക്ഷിതരല്ലെന്നും കണ്ണിലെ കൃഷ്ണമണി പോലെ അവരെ പൊതു സമൂഹവും അധ്യാപകരും, രക്ഷിതാക്കളും സംരക്ഷിക്കേണ്ടതുണ്ടെന്ന് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ. നെടുംമ്പൊയിൽ ബി.കെ നായർ മെമ്മോറിയൽ യു.പി സ്കൂളിൽ സംഘടിപ്പിച്ച അനുമോദന പരിപാടിയും രക്ഷാകർതൃ സം​ഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ശശീന്ദ്രൻ പുളിയത്തിങ്കൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ സി.പി.അനീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സി.എം.ജനാർദ്ദനൻ മാസ്റ്റർ, കെ.എം.അസീസ് മാസ്റ്റർ, കെ.ഗീത ടീച്ചർ, കെ.ടി.പ്രഭ ടീച്ചർ, പി.ടി.എ വൈസ് പ്രസിഡൻ്റ് സിറാജ് മാവട്ട് തുടങ്ങിയവർ സംസാരിച്ചു. അറിയപ്പെടുന്ന നാടക നടനും സംവിധായകനുമായ കലേഷ് മാസ്റ്റർ തനത് പരിപാടിയായ ‘തേൻ മലയാളം’ കുട്ടികൾക്കുള്ള പഠന ക്ലാസ്സ് നടത്തി.

കരാട്ടെ അധ്യാപകരായ ഡോ: വിജയൻ, അഭിരാജ്, മോഹനൻ ചാലക്കൽ എന്നിവരുടെ ക്ലാസ്സുകളും, പൂർവ്വ വിദ്യാർത്ഥി ശലഭ കോട്ടക്കലിൻ്റെ നേതൃത്വത്തിൽ കരാട്ടെ ഡമോൺസ്ട്രേഷനും നടന്നു. പരിപാടിയുടെ ഭാ​ഗമായി നടന്ന സൽമാൻ വടകരയുടെ ഗാനവും, കാസിം മാവട്ടിൻ്റെ കവിതയും ശ്രദ്ധേയമായി.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനോദ് പഞ്ചായത്ത്, സബ്ബ് ജില്ലാ, ജില്ലാ മേളകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും, എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും, ഉന്നത വിദ്യാദ്യാസ രംഗത്ത് നേട്ടങ്ങൾ കൈവരിച്ച പൂർവ്വ വിദ്യാർത്ഥികളേയും അനുമോദിച്ചു. തൻ്റെ വിദ്യാലയ കാലഘട്ടത്തിലെ കലാരംഗത്തെ അനുഭവങ്ങളെക്കുറിച്ചും വിദ്യാർത്ഥികളുടെ ഉയർച്ചയിൽ വിദ്യാഭ്യാസസ്ഥാപനങ്ങളും, രക്ഷിതാക്കളും വഹിക്കേണ്ട പങ്കും അദ്ദേഹം വിശദീകരിച്ചു.

പി.അനിൽകുമാർ മാസ്റ്റർ കുട്ടികളുമായി പാട്ടിലൂടെയും കഥകളിലൂടെയും സംവദിച്ചു. പ്രശസ്ത മോട്ടിവേറ്ററും ട്രയിനറുമായ ഡോ: ഇസ്മയിൽ മരുതേരി രക്ഷിതാക്കളുമായി സംവദിച്ചു. ലോകത്തിലുണ്ടാവുന്നമാറ്റങ്ങൾ വിദ്യാർത്ഥികൾക്ക് മാത്രമല്ല പൊതു സമൂഹത്തിനും ഒട്ടേറെ പാഠങ്ങൾ പകർന്നു നൽകുന്നതായി അദ്ദേഹം പറഞ്ഞു. മികച്ച പാരൻ്റിംഗ് എങ്ങനെയായിരിക്കണമെന്ന വസ്തുത കഥകളിലൂടെയും രസകരമായ ആശയ വിനിമയത്തിലൂടെയും അദ്ദേഹം ഒരോ രക്ഷിതാവിനും പകർന്നു നൽകി.

ഹെഡ്മാസ്റ്റർ പി.ജി.രാജീവ് സ്വാഗതവും എം.പി.ടി.എ ചെയർപേഴ്സൺ നീതു ചാമക്കണ്ടി നന്ദിയും പറഞ്ഞു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം കൊണ്ട് പഠന ശിൽപ്പശാലയിൽ വൻവിജയമായി.

Summary: Educational workshops for children at BKNM UP School meppayur