ക്രിസ്മസ് പരീക്ഷയുടെ ചില ചോദ്യപ്പേപ്പറുകൾ ചോർന്നെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി; യൂട്യൂബ് ചാനലുകൾക്കെതിരെ കർശന നടപടിയെടുക്കും


തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ചില ചോദ്യപ്പേപ്പറുകൾ ചോർന്നുവെന്നു സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോർച്ച ഉണ്ടാകില്ല. യൂട്യൂബ് ചാനലുകൾക്കെതിരെ കർശന നടപടിയെടുക്കും. ‘പൊതുവിദ്യാഭ്യാസ സംവിധാനത്തോടുള്ള വെല്ലുവിളിയാണു നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതീവഗൗരവത്തോടെയാണ് വകുപ്പ് ഈ വിഷയത്തെ കാണുന്നത്. സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ ശമ്പളം വാങ്ങി പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കേണ്ട ചില അധ്യാപകർ കച്ചവടതാൽപര്യത്തോടെ ചില കമ്പനികളുമായി ബന്ധപ്പെട്ടു വഞ്ചനാപരമായ നിലപാട് സ്വീകരിച്ചാൽ വച്ചുപൊറുപ്പിക്കില്ല. ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരം ശേഖരിക്കും. നാളെ ചേരുന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ചോദ്യപ്പേപ്പർ തയാറാക്കുന്ന അധ്യാപകർക്കോ ചുമതലയുള്ള ഉദ്യോഗസ്ഥർക്കോ ഓൺലൈൻ ട്യൂഷൻ ആപ്പുകളുമായോ യൂട്യൂബ് ചാനലുകളുമായോ ബന്ധമുണ്ടോയെന്നു വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർന്നാൽ വാർഷിക പരീക്ഷകളുടെ കാര്യത്തിലും സുരക്ഷിതത്വമുണ്ടാകില്ലെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കണക്ക് ഉൾപ്പെടെ ചില വിഷയങ്ങളിലാണു ചോദ്യം ചോരുന്നതായി കണ്ടെത്തിയത്. കർശന നടപടിയുണ്ടാകുമെന്നും രഹസ്യസ്വഭാവം നിലനിർത്തേണ്ടതിനാൽ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.