തൃശ്ശൂരിലും പാലക്കാടും വീണ്ടും ഭൂചലനം


തൃശ്ശൂര്‍: തൃശ്ശൂരിലും പാലക്കാടും ഇന്ന് വീണ്ടും നേരിയ ഭൂചലനം. ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് ഇന്ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കൻഡുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസവും ഈ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

തൃശ്ശൂരിൽ കുന്നംകുളം, കേച്ചേരി, ചൂണ്ടൽ ഉൾപ്പെടെയുള്ള ഭാഗത്താണ് പ്രകമ്പനം അനുഭവപ്പെട്ടത്. തൃത്താല, ആനക്കര, കപ്പൂർ, തിരുമിറ്റക്കോട് തുടങ്ങിയിടങ്ങളിലാണ് പാലക്കാട്ട് പ്രകമ്പനം അനുഭവപ്പെട്ടത്. ഇരുസ്ഥലത്തും ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തില്‍ എന്തെങ്കിലും നാശനഷ്ടമുണ്ടായെങ്കില്‍ അടുത്തുള്ള വില്ലേജ് ഓഫീസില്‍ ഉടന്‍ വിവരമറിയിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭാരതപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളിലാണ് ഭൂചലനമുണ്ടായത്.

ഇന്നലെ രാവിലെ 8.15 ഓടെ ഇവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ തൃശ്ശൂരില്‍ തൃശൂരില്‍ ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. ഇന്നലെ പാലക്കാട് തിരുമിറ്റക്കോടാണ് ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് രാവിലെ 8.15 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.