ഇനി മുതല്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പറും എടുക്കാന്‍ മറക്കല്ലേ, ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് പൂര്‍ണമായി മാറാനുള്ള ഒരുക്കത്തില്‍ കൊയിലാണ്ടിയും- രോഗികള്‍ക്കുള്ള ഗുണങ്ങള്‍ അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോകണമെന്ന് പറയുമ്പോള്‍ പലരും പരാതി പറയുന്നത് നീണ്ട ക്യൂ ആയിരിക്കും, സമയം പോകും, നില്‍ക്കാന്‍ വയ്യ എന്നൊക്കെയാണ്. അത്തരം പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ ഇല്ലാതെ എളുപ്പത്തില്‍ ചികിത്സ ലഭിക്കാന്‍ വഴിയൊരുങ്ങുകയാണ്. അതിനായി ആശുപത്രിയിലെത്തുന്ന രോഗികളുടെ സഹായം തേടിയിരിക്കുകയാണ് താലൂക്ക് ആശുപത്രി അധികൃതര്‍.

രോഗികള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആധാര്‍ കാര്‍ഡും, മൊബൈല്‍ നമ്പറും കയ്യില്‍ കരുതണം. ഇതിലൂടെ ഇ-ഹെല്‍ത്ത് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് ഹെല്‍ത്ത് കാര്‍ഡ് സ്വന്തമാക്കാന്‍ കഴിയും. പിന്നീട് ചികിത്സയ്ക്ക് വരുമ്പോള്‍ ഹെല്‍ത്ത് കാര്‍ഡ് കയ്യില്‍ കരുതിയാല്‍ മതി. ഒ.പി ശീട്ടെടുക്കാനുള്ള ക്യൂവില്‍ പേരും വിലാസവും ഫോണ്‍ നമ്പറും എല്ലാം പറയുന്ന സമയം ലാഭം കിട്ടുകയും ഈ കാര്‍ഡ് നല്‍കിയാല്‍ ഉടന്‍ ഒ.പി ശീട്ട് പ്രിന്റ് ചെയ്ത് കിട്ടുകയും ചെയ്യുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

അതേസമയം, ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും ആയി വരുന്നവര്‍ക്കേ ചികിത്സയുള്ളൂവെന്ന നിബന്ധനയൊന്നുമില്ല. മറ്റുളളവര്‍ക്ക് പേരും വിലാസവും മറ്റും നല്‍കിയാല്‍ സാധാരണ രീതിയില്‍ ഒ.പി ശീട്ട് നല്‍കുമെന്നും എന്നാല്‍ ഭാവിയില്‍ ആശുപത്രിയിലെ തിരക്ക് വലിയ തോതില്‍ കുറയ്ക്കാനും ചികിത്സ കുറേക്കൂടി കാര്യക്ഷമമാക്കാനും ഹെല്‍ത്ത് കാര്‍ഡിലേക്ക് മാറുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി ഒന്നുമുതല്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ പൂര്‍ണമായും കടലാസ് രഹിത ആശുപത്രിയാക്കാനും ഇ-ഹെല്‍ത്ത് പദ്ധതിയിലേക്ക് മാറാനുമാണ് ലക്ഷ്യമിടുന്നത്.

ഇതിനകം തന്നെ കൊയിലാണ്ടിയില്‍ ഈ പദ്ധതിയ്ക്കായുള്ള സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ രോഗികള്‍ ആധാര്‍ കാര്‍ഡും മറ്റും എടുക്കാന്‍ മറക്കുന്നതിനാല്‍ ഹെല്‍ത്ത് കാര്‍ഡിനായുളള രജിസ്‌ട്രേഷന്‍ പലര്‍ക്കും സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നാളെ മുതല്‍ ആശുപത്രിയിലെത്തുന്നവര്‍ ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും കരുതണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കൂടുതല്‍ വേഗത്തില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്ന സംവിധാനമാണ് ഇ-ഹെല്‍ത്ത് പദ്ധതി. രോഗിള്‍ക്ക് ലഭിക്കുന്ന ഹെല്‍ത്ത് കാര്‍ഡ് വഴി ഭാവിയില്‍ നേരത്തെ ബുക്ക് ചെയ്യാനും, ഡോക്ടര്‍മാര്‍ക്ക് കമ്പ്യൂട്ടറില്‍ രോഗിയെ സംബന്ധിച്ച വിവരങ്ങളും, മുമ്പ് ചികിത്സ നേടിയ കാര്യങ്ങളും, കഴിച്ച മരുന്നുള്‍പ്പെടെയുള്ള വിവരങ്ങളും ഇതുവഴി ലഭ്യമാകും. ഇത് കാര്യക്ഷമമായ ചികിത്സ ഉറപ്പാക്കാന്‍ സഹായിക്കും. ഇതിന്റെ ആദ്യഘട്ടമായാണ് രോഗികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നത്.