നന്തിയില്‍ ക്ഷേത്രോത്സവത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍.എസ്.എസ് ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: നന്തിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണം. വാഴവളപ്പില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേള കാണാനെത്തിയ യുവാക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ഡി.വൈ.എഫ്.ഐ നന്തി മേഖലാ ജോയിന്റ് സെക്രട്ടറി അര്‍ജുന്‍ പി.കെ, നന്തി ടൗണ്‍ യൂണിറ്റ് കമ്മിറ്റി അംഗം വിനില്‍, കോടിക്കല്‍ യൂണിറ്റ് പ്രസിഡന്റ് അക്ഷയ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് ആര്‍.എസ്.എസ്സുകാര്‍ ആക്രമിച്ചതെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. പത്തോളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.

സംഭവത്തില്‍ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. കുറച്ച് കാലമായി വാഴവളപ്പില്‍ ക്ഷേത്ര പരിസരത്ത് ആര്‍.എസ്.എസ്സുകാര്‍ ചാരായം വാറ്റുകയും ലഹരി ഉപയോഗിക്കുകയും ആയുധങ്ങള്‍ ശേഖരിക്കുകയുമെല്ലാം ചെയ്യുന്നുണ്ടെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഇത് ഡി.വൈ.എഫ്.ഐ നിരന്തരമായി ചോദ്യം ചെയ്യുന്നതാണ് ആക്രമണത്തിന് കാരണമെന്നും അവര്‍ പറഞ്ഞു.