ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസ്; ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരായ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവ്



തലശ്ശേരി: കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഒമ്പത് ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം തടവ്. കേസില്‍ 10 പ്രതികളാണുള്ളത്. കേസിന്റെ വിചാരണ വേളയില്‍ മൂന്നാം പ്രതി അജേഷ് മരിച്ചു. ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരായ ബാക്കി 9 പ്രതികളും കുറ്റക്കാരെന്നാണ് ജഡ്ജ് റൂബി കെ ജോസ് വിധിച്ചത്. വിവി സുധാകരന്‍, കെടി ജയേഷ്, സിപി രഞ്ജിത്, പിപി അജീന്ദ്രന്‍, ഐവി അനില്‍, വിവി ശ്രീകാന്ത്, വിവി ശ്രീജിത്, പിപി രാജേഷ്, ടിവി ഭാസ്‌കരന്‍ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.


മുഴുവന്‍ പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം തെളിഞ്ഞിരുന്നു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2005 ഒക്ടോബര്‍ 3നാണ് റിജിത്തിനെ തച്ചന്‍ കണ്ടി ക്ഷേത്രത്തിനടുത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ആര്‍എസ്എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

സിപിഎമ്മിന്റെ കണ്ണപുരം ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായിരുന്നു റിജിത്ത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന റിജിത്തിനെയും സുഹൃത്തുക്കളെയും തച്ചന്‍കണ്ടി ക്ഷേത്രത്തിനടുത്തുവച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.