കണ്ണൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസ്; ഒമ്പത് ബിജെപി – ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ, ശിക്ഷാ വിധി 7ന്
തലശ്ശേരി: കണ്ണൂർ കണ്ണപുരം ചുണ്ടയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ആലിച്ചി ഹൗസിൽ റിജിത്ത് ശങ്കരനെ (25) വെട്ടി കൊലപ്പെടുത്തിയ കേസിൽ 9 ബിജെപി -ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ. കണ്ണപുരം ചുണ്ട വയക്കോടൻ വീട്ടിൽ വി.വി.സുധാകരൻ (56), കോത്തില താഴെവീട്ടിൽ ജയേഷ് (39), ചാങ്കുളത്ത് പറമ്പിൽ സി.പി.രഞ്ജിത്ത് (42), പുതിയപുരയിൽ പി.പി.അജീന്ദ്രൻ (50), ഇല്ലിക്കവളപ്പിൽ ഐ.വി.അനിൽകുമാർ (51), പുതിയപുരയിൽ പി.പി.രാജേഷ്, കണ്ണപുരം ഇടക്കേപ്പുറം വടക്കേ വീട്ടിൽ വി.വി.ശ്രീകാന്ത് (46), സഹോദരൻ വി.വി. ശ്രീജിത്ത് (42), തെക്കേ വീട്ടിൽ ടി.വി.ഭാസ്കരൻ (66) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. മൂന്നാം പ്രതി അജേഷ് വിചാരണക്കു മുൻപ് മരിച്ചു.
തലശ്ശേരി ജില്ലാ അഡിഷനൽ സെഷൻസ് കോടതി (3) ജഡ്ജി റൂബി കെ. ജോസാണ് കുറ്റക്കാരെന്ന് വിധിച്ചത്. പ്രതികൾക്കുള്ള ശിക്ഷ 7ന് പ്രഖ്യാപിക്കും. 2005 ഒക്ടോബർ 10നു വൈകിട്ട് 7.45നു കണ്ണപുരം ചുണ്ട തച്ചങ്കണ്ടിയിൽ ക്ഷേത്രത്തിനു സമീപത്തെ കിണറിനു മുൻപിലുള്ള റോഡിലാണ് സംഭവം.
രാഷ്ട്രീയ വിരോധം കാരണം പ്രതികൾ വടി, വടിവാൾ, കത്തി എന്നിവയുമായി റിജിത്തിനെയും കൂടെയുള്ളവരെയും ആക്രമിച്ചെന്നാണ് കേസ്. റിജിത്തിനും സുഹൃത്തുക്കളായ നികേഷ്, വിമൽ, വികാസ് എന്നിവർക്കും പരുക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും റിജിത്ത് മരിച്ചു.