ലഹരിക്കെതിരെ കടലോളം കലിതുള്ളി കൊയിലാണ്ടിയും; തിരുവാതിര, ഒപ്പന, മാർഗം കളി, കളരിപ്പയറ്റ്… ലഹരിയ്ക്കെതിരെ കല കൊണ്ട് പ്രതിരോധം തീർത്ത് ഡി.വൈ.എഫ്.ഐ യുടെ ‘ഉയിർപ്പ്’



കൊയിലാണ്ടി:
ലഹരിയ്‌ക്കെതിരെ കലകൊണ്ട് പ്രതിരോധം എന്ന ലക്ഷ്യത്തോടെ ഡി.വൈ.എഫ്.ഐ നടത്തുന്ന ഉയിര്‍പ്പ് പരിപാടിയ്ക്ക് കൊയിലാണ്ടിയില്‍ വന്‍ജനകീയ പിന്തുണ. ഡിസംബര്‍ 30ന് രാത്രി കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി വന്‍ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

തിരുവാതിര, മാര്‍ഗം കളി, ഒപ്പന, സംഘനൃത്തം, കളരിപ്പയറ്റ് പ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടന്ന ഗസല്‍നൈറ്റ് അക്ഷാരാര്‍ത്ഥത്തില്‍ കൊയിലാണ്ടിയ്ക്ക് പുതിയ അനുഭവമായി.

ലഹരിയ്‌ക്കെതിരെ കടലോളം കലിതുള്ളി കലയും എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡി.വൈ.എഫ്.ഐ ഉയിര്‍പ്പ് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സിനിമാ നാടക പ്രവര്‍ത്തകന്‍ പി.പി. കുഞ്ഞിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയര്‍മാനും സി.പി.എം ഏരിയ സെക്രട്ടറിയുമായ ടി.കെ.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സതീഷ് ബാബു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, ജില്ലാ പ്രസിഡന്റ് എൽ.ജി.ലിജീഷ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍മാന്‍ കെ.സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി.ബബീഷ്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജാന്‍വി.കെ.സത്യന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ് സ്വാഗതവും ബ്ലോക്ക് ട്രഷറര്‍ പി.വി. അനുഷ നന്ദിയും രേഖപ്പെടുത്തി.