പൊറോട്ടയടിച്ചും സ്‌പെഷ്യല്‍ ചിക്കന്‍ കറി തയ്യാറാക്കി എസ്.കെ.സജീഷ്, കട്ടയ്ക്ക് ഒപ്പം നിന്ന് മറ്റ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും; വയനാടിനുവേണ്ടി പേരാമ്പ്രയില്‍ അതിജീവനത്തിന്റെ ചായക്കട
പേരാമ്പ്ര: വയനാട്ടിലെ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഫണ്ട് സമാഹരണത്തിനായി പേരാമ്പ്രയില്‍ അതിജീവനത്തിന്റെ ചായക്കടയുമായി ഡി.വൈ.എഫ്.ഐ. ഇവിടെ പാചകക്കാരനായും പൊറോട്ടയടിക്കാനാരനായുമൊക്കെ മുന്‍നിരയില്‍ നിന്നതാകട്ടെ ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന ട്രഷറര്‍ എസ്.കെ.സജീഷും.
പേരാമ്പ്രയിലെ പ്രശസ്തമായ കോരന്‍സ് ഹോട്ടല്‍ ഉടമയുടെ കൊച്ചുമകന്‍ കൂടിയാണ് എസ്.കെ.സജീഷ്. പാചകത്തോട് താല്‍പര്യമുള്ളതുകൊണ്ടുതന്നെ പൊറോട്ടയടിയും ചിക്കന്‍കറിയുണ്ടാക്കലുമെല്ലാം സ്വയം ഏറ്റെടുക്കുകയായിരുന്നു.
സഹായത്തിനായി പേരാമ്പ്രയിലെ എല്ലാ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമുണ്ടായിരുന്നു. കൂടാതെ മേഖലയിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകരും ചായക്കട നടത്തുന്നവര്‍ത്ത് തുണയായെത്തി.
പേരാമ്പ്രയിലെ വി.വി.ദക്ഷിണാമൂര്‍ത്തി ഹാളിന് സമീപത്തായിരുന്നു ഡി.വൈ.എഫ്.ഐയുടെ ചായക്കട. വയനാടിന്റെ അതിജീവനത്തിനുവേണ്ടിയുള്ള സംരംഭമായതുകൊണ്ടുതന്നെ ജനങ്ങളും എല്ലാ സഹായസഹകരണത്തോടെയും മുന്നോട്ടുവന്നു. അന്‍പതിനായിരത്തോളം രൂപയാണ് ഇതിലൂടെ ഡി.വൈ.എഫ്.ഐ സമാഹരിച്ചത്.
പേരാമ്പ്ര വെസ്റ്റ് മേഖല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയ്ക്ക് ബിനില്‍രാജ് നേതൃത്വം നല്‍കി. മുന്‍ എം.എല്‍.എമാരായ എ.കെ.പത്മനാഭന്‍ മാസ്റ്റര്‍, കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ അതിജീവനത്തിന്റെ ചായക്കടയിലെത്തിയിരുന്നു. അജയ് ആവള, വെ.കെ.പ്രമോദ്, എ.കെ.ബാലന്‍, ഷീജ ശശി, പി.കെ.അജീഷ്, എം.എം.ജിജേഷ്, അമര്‍ഷാഹി, സി.കെ.രൂപേഷ്, എന്‍.പി.ബാബു തുടങ്ങിയ നേതാക്കുളം പരിപാടിയുടെ ഭാഗമായി.