റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് പൊടിശല്യവും ഗതാഗത തടസ്സവും രൂക്ഷം; ദേശീയപാത നിര്‍മ്മാണകമ്പനി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ


ചേമഞ്ചേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി തിരുവങ്ങൂരില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന യാത്ര ബുദ്ധിമുട്ടില്‍ കൃത്യമായി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി ഡി.വൈ.എഫ്.ഐ. അശാസ്ത്രീയപരമായ നിര്‍മ്മാണം കാരണം സര്‍വീസ് റോഡുകള്‍ പൊളിഞ്ഞ് പൊടിപശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

തിരുവങ്ങൂര്‍ സ്‌കൂള്‍, ആശുപത്രി തുടങ്ങിയവയെല്ലാം പൊടിയില്‍ മുങ്ങിയിരിക്കുകയാണെന്നും കാല്‍നടയാത്രക്കാര്‍ക്ക് പോലും ഇതുവഴി സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ദിവസേന വാഹനങ്ങള്‍ മണിക്കൂറുകളോളം ബ്ലോക്ക് ആയി നിന്നിട്ടും ആംബുലന്‍സിനു പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. പലതവണ വഗാര്‍ഡിനെ വിഷയം ബോധ്യപ്പെടുത്തിയിട്ടും കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.

എം.എല്‍.എ യെ വിവരം ബോധിപ്പിക്കുകയും ഇതു പ്രകാരം അദാനി ഗ്രൂപ്പിനോടും വാഗാഡ് കമ്പനി എക്‌സിക്യൂട്ടീവ് അംഗങ്ങളോടും അണ്ടി കമ്പനി മുതല്‍ പൂക്കാട് വരെയുള്ള സര്‍വീസ് റോഡിന്റെയും അണ്ടര്‍ പാര്‍സിന്റേയും സര്‍വീസ് റോഡ് ടാറിങ്ങിന്റെയും ആവശ്യകത അറിയിക്കുകയും ചെയ്തു. ഞായറാഴ്ചക്കകം ടാര്‍ ചെയ്യാമെന്നും അണ്ടര്‍ പാസിനായി എംഎല്‍എയുടെ നേതൃത്വത്തില്‍ എത്രയും പെട്ടെന്ന് കളക്ടറെ നേരിട്ട് കണ്ടു കാപ്പാട് റോഡിന്റെ ടൂറിസത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തി അണ്ടര്‍ പാസ് അനുവദിക്കാനുള്ള അപേക്ഷ കൊടുക്കാനും തീരുമാനമാക്കി.

തിരുവങ്ങൂര്‍ അങ്ങാടിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ സി.പി.എം കാപ്പാട് ലോക്കല്‍ സെക്രട്ടറി എം. നൗഫല്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കഴിഞ്ഞ ദിവസം യാത്രാബുദ്ധിമുട്ടില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍ തിരുവങ്ങൂരില്‍ പ്രകടനം നടത്തിയിരുന്നു.