പ്രതിഷേധമാര്‍ച്ചായെത്തി പൊലീസ് ബാരിക്കേഡ് തകര്‍ത്ത് അകത്ത് കടന്ന് പ്രവര്‍ത്തകര്‍; ദേശീയപാതയുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ നന്തിയിലെ വാഗാഡ് ഓഫീസില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം


പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വതത്തില്‍ നന്തിയിലെ വാഗാഡ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്കാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

പയ്യോളിയില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ നന്തിയിലെത്തിയത്. ഇവിടെ പൊലീസ് ബാരിക്കേഡ് തീര്‍ത്ത് പ്രതിഷേധക്കാരെ തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് പ്രതിഷേധക്കാര്‍ അകത്തുകടക്കാന്‍ ശ്രമിച്ചത് ചെറിയ തോതിലുള്ള ഉന്തും തള്ളിനും വഴിവെച്ചു. നിലവില്‍ പ്രവര്‍ത്തകര്‍ വാഗാഡ് ഓഫീസിന് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

ദേശീയപാത സര്‍വ്വീസ് റോഡിലെ കുണ്ടും കുഴികളും വെള്ളക്കെട്ടും ഒഴിവാക്കി സര്‍വ്വീസ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. മാര്‍ച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.അനൂപ് ഉദ്ഘാടനം ചെയ്തു. എ.കെ.വൈശാഖ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.ടി.അജയ് ഘോഷ് അധ്യക്ഷനായിരുന്നു.