ഡി.വൈ.എഫ്.ഐ നേതാവിനെ കള്ളക്കേസില്‍ കുടുക്കി, പൊലീസ് സ്വീകരിച്ച സമീപനം അപമാനകരം; ബസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന കേസില്‍ പൊലീസ് നടപടിയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം


കൊയിലാണ്ടി: ബസ് ഡ്രൈവറെ മര്‍ദിച്ചുവെന്ന കേസില്‍ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍ ബിജീഷിനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് ബ്ലോക്ക് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകുന്നേരം ടൗണില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി.

ബൈക്ക് യാത്രക്കാരനുനേരെ അപകടകരമായ രീതിയില്‍ ബസ് ഓടിച്ച കേസില്‍ കൊയിലാണ്ടി പൊലീസിന്റെ നിലപാട് കേരള പൊലീസിന് തന്നെ അപമാനമാണ്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി.ലിജീഷ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കൊയിലാണ്ടിയില്‍ സമരം പ്രഖ്യാപിച്ച സംയുക്ത ട്രേഡ് യൂണിയന്‍ നടപടിയെയും ഡി.വൈ.എഫ്.ഐ വിമര്‍ശിച്ചു. സംയുക്ത ട്രേഡ് യൂണിയനോട് ചോദിക്കാനുള്ളത് നിങ്ങള്‍ക്കെന്ത് സാമൂഹിക പ്രതിബന്ധതയാണ് ഉള്ളതെന്നാണ്. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ നടക്കുമ്പോഴാണ് ഇത്തരമൊരു ബസ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മിന്നല്‍ പണിമുടക്ക് പ്രഖ്യാപിക്കുന്നത് സംയുക്ത ട്രേഡ് യൂണിയന്‍ നിരോധിച്ചതാണ്. എന്നാല്‍ കോഴിക്കോട് ജില്ലയില്‍ ഇത് തുടരെ ആവര്‍ത്തിക്കുകയാണെന്നും ലിജീഷ് പറഞ്ഞു.

ഫെബ്രുവരി 17 ന് കോഴിക്കോട് – കൊയിലാണ്ടി റൂട്ടില്‍ ഓടുന്ന ബ്രീസ് ബസ് ഉമ്മയോടെപ്പം യാത്രചെയ്ത ബൈക്ക് യാത്രക്കാരന് നേരെ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചത് ചോദ്യം ചെയ്ത ചെറുപ്പക്കാരനെഅക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തത് സംഘര്‍ഷത്തിനിടയായി. ഈ സംഭവത്തില്‍ ഡി.വൈ.എഫ് ഐക്ക് യാതൊരു പങ്കും ഇല്ലെന്നാണ് ഡി.വൈ.എഫ്.ഐ അവകാശപ്പെടുന്നത്.

അതിനിടെ, കേസില്‍ അറസ്റ്റിലായ അജ്മല്‍, വിജീഷ്, സായൂജ് എന്നിവരെ കൊയിലാണ്ടി കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളെ കൊയിലാണ്ടി പൊലീസ് ജില്ലാ ജയിലിലേക്ക് മാറ്റി.

പ്രതിഷേധ യോഗത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ ബി.പി.ബബീഷ് സംസാരിച്ചു. ബ്ലോക്ക് ട്രഷറര്‍ അനുഷ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് സതിഷ് ബാബു അധ്യക്ഷനായി. പ്രകടനത്തിന് റിബിന്‍ കൃഷ്ണ, ദിനൂപ്, ബിജോയ്, ടി.കെ.പ്രദീപന്‍ നേതൃത്വം നല്‍കി.