”പയ്യോളി അങ്ങാടി സപ്ലൈകോയില്‍ നടക്കുന്ന ക്രമക്കേടെന്ന പരാതിയില്‍ മാനേജറെയും സ്റ്റാഫുകളെയും സസ്‌പെന്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണം”; പ്രതിഷേധ മാര്‍ച്ചുമായി ഡി.വൈ.എഫ്.ഐ
തുറയൂര്‍: പയ്യോളി അങ്ങാടി സപ്ലൈകോയില്‍ നടക്കുന്ന ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കഴിഞ്ഞദിവസം സപ്ലൈകോ മാനേജരുടെ നേതൃത്വത്തില്‍ സപ്ലൈകോയില്‍ നിന്ന് അരി കടത്തുന്നത് നാട്ടുകാര്‍ പിടികൂടിയിരുന്നു. മാനേജറെയും മറ്റ് സ്റ്റാഫുകളെയും സസ്‌പെന്‍ഡ് ചെയ്ത് സപ്ലൈകോയിലെ മുഴുവന്‍ സ്റ്റോക്കും പരിശോധിച്ചു നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധം.
പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ നടപടി എടുത്ത് പുറത്താക്കുമെന്നും 75 കിലോ അരിയുമായി പിടികൂടിയ സപ്ലൈകോ മാനേജറേ ലീവിന് വിടാനും ഏരിയ മാനേജറുടെ ചുമതലയില്‍ മുഴുവന്‍ സ്റ്റോക്കും പരിശോധിച്ച് നിയമ നടപടിക്ക് വിധേയമാക്കുമെന്നും ഡിപ്പോ മാനേജര്‍ ഉറപ്പുനല്‍കിയെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു. സ്റ്റോക്ക് പരിശോധനയില്‍ ക്രമക്കേട് ഉണ്ടെങ്കിലും ഇല്ലെങ്കിലും സര്‍ക്കാര്‍ സംവിധാനത്തില്‍ മാത്രം വിതരണം ചെയ്യുന്ന അരി എങ്ങനെ സപ്ലൈകോ മാനേജറുടെ പക്കല്‍ എത്തി എന്ന് സപ്ലൈകോ റീജിയണല്‍ മാനേജറുടെ നേതൃത്വത്തിലും പോലീസ് സഹായത്തിലും അന്വേഷണം നടത്തുമെന്നും അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
സമരം ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം പി.അനൂപ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അശ്വന്ത്.സി.കെ അധ്യക്ഷനായിരുന്നു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡണ്ട് സി.ടി.അജയ്‌ഘോഷ്, സി.പി.ഐ.എം തുറയൂര്‍ ലോക്കല്‍ സെക്രട്ടറി കിഷോര്‍.പി.കെ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഒലീന, സബീന്‍ രാജ്.കെ.കെ, കാവ്യ.കെ.ടി മേഖല ട്രഷറര്‍ അശ്വന്ത്.പി.കെ എന്നിവര്‍ സംസാരിച്ചു. തുറയൂര്‍ മേഖല സെക്രട്ടറി.പി.കെ അരുണ്‍ സ്വാഗതം പറഞ്ഞു.
Summary: dyfi protest march against Payyoli Angadi Supplyco