ഇരുട്ടിന്റെ മറവില്‍ ഡി.വൈ.എഫ്.ഐ കണ്ണമ്പത്ത് യൂണിറ്റിലെ കൊടിമരവും കൊടിയും നശിപ്പിച്ചു; ‘സാമൂഹ്യ ദ്രോഹികളെ നിലക്ക് നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് പ്രദേശത്ത് ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം


അരിക്കുളം: ഡി.വൈ.എഫ്.ഐ കണ്ണമ്പത്ത് യൂണിറ്റിലെ കൊടിമരവും കൊടിയും സമീപത്തെ കോണ്‍ക്രീറ്റ് ഇരിപ്പിടവും നശിപ്പിച്ച സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കണ്ണമ്പത്ത് അംഗനവാടിയ്ക്ക് സമീപത്തായുള്ള കൊടിമരവും കൊടിയുമെല്ലാം നശിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് സംഘം രാവിലെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇരുളിന്‍ മറവിലെ തെമ്മാടികളെ നിലക്ക് നിര്‍ത്തും എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൈകുന്നേരം അഞ്ച് മണിക്ക് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടി ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം അരിക്കുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.താജുദ്ദീന്‍, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി നിതിന്‍ ലാല്‍, പ്രസിഡന്റ് ഫിറോസ് ഖാന്‍, സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ അനൂപ്, ബ്രാഞ്ച് സെക്രട്ടറി ഷാജി എന്നിവര്‍ സംസാരിച്ചു. ഡി.വൈ.എഫ്.ഐ കണ്ണമ്പത്ത് യൂണിറ്റ് സെക്രട്ടറി അതുല്‍ സ്വാഗതം പറഞ്ഞു. പറമ്പത്ത് യൂണിറ്റ് പ്രസിഡന്റ് അനന്ദു അധ്യക്ഷനായി.