എലത്തൂരില്‍ ബസ് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ നിസ്വാര്‍ത്ഥമായി ഇടപെട്ട ബസ് ഡ്രൈവര്‍ രഞ്ജിത്തിനും എസ്.ഐ റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ അതുല്‍രാജിനും നമ്പ്രത്തുകരയിലെ ഡി.വൈ.എഫ്.ഐയുടെ ആദരം


കൊയിലാണ്ടി: എലത്തൂരില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടപ്പോള്‍ സമയോജിതമായ ഇടപെടലിലൂടെ യാത്രക്കാരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാരന് ഡി.വൈ.എഫ്.ഐയുടെ ആദരം. അപകടത്തില്‍ പെട്ട ബസില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കാനും അടിയന്തര സഹായം ലഭ്യമാക്കാനും ഇടപെട്ട സ്വകാര്‌യ ബസ് ഡ്രൈവറായ നമ്പ്രത്തുകര തത്തംവള്ളി പൊയില്‍ സ്വദേശിയായ രഞ്ജിത്തിനെയാണ് ഡി.വൈ.എഫ്.ഐ നമ്പ്രത്തുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചത്. എസ്.ഐ റാങ്ക് ലിസ്റ്റില്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് കരസ്ഥാമാക്കി നാടിന് അഭിമാനായ അതുല്‍രാജിനെയും വീട്ടിലെത്തി അനുമോദിച്ചു.

റോഡപകടങ്ങളിലെ ആദ്യ മണിക്കൂറുകള്‍ അപകടത്തില്‍ പെടുന്നവരെ രക്ഷിക്കുന്നതില്‍ നിര്‍ണായകമാണ്. കൃത്യ സമയത്തുള്ള ഇടപെടലില്ലാതെ പോയതിനാല്‍ മാത്രം മുന്‍കാലങ്ങളില്‍ നിരവധി ജീവനുകളാണ് റോഡുകളില്‍ പൊലിഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം എലത്തൂരിനടുത്ത് സ്വകാര്യ ബസും ടിപ്പറും അപകടത്തില്‍ പെട്ടപ്പോള്‍ സമയോജിതമായ ഇടപെടലിലൂടെ യാത്രക്കാരുടെ രക്ഷയ്‌ക്കെത്തിയത് രഞ്ജിത്തും സഹപ്രവര്‍ത്തകരുമായിരുന്നു. നിസ്വാര്‍ഥമായ പ്രവര്‍ത്തനത്തിലൂടെ പ്രദേശത്തിനും നാട്ടുകാര്‍ക്കും അഭിമാനമായിരിക്കയാണ് രഞ്ജിത്തെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു.

അതുല്‍ രാജിന് കീഴരിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം.സുനലും രഞ്ജിത്തിന് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി.കെ. പ്രദീപനും ഉപഹാരം നല്‍കി. മേഖല ട്രഷറര്‍ അമര്‍ജിത്ത്, മേഖല കമ്മറ്റി അംഗങ്ങള്‍ സുബിന്‍ലാല്‍, അര്‍ച്ചന ചന്ദ്രന്‍, റജിലേഷ്, വൈശാഖ് എന്നിവര്‍ പങ്കെടുത്തു.